കോഴിക്കോട് : ആയിരക്കണക്കിന് ജീവനക്കാരും പൊതു ജനങ്ങളുമെത്തുന്ന കോഴിക്കോട് കളക്ടറേറ്റിലെ വിവിധ ഓഫീസുകളിൽ നിന്നും പുറന്തള്ളുന്ന ജൈവ – അജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ സംവിധാനമില്ലെന്ന പരാതിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.
ലക്ഷങ്ങൾ മുടക്കി സംസ്ക്കരണ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഇപ്പോഴും മാലിന്യങ്ങൾ ചാക്കിൽ കെട്ടിയാണ് സൂക്ഷിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ദുർഗന്ധം കാരണം ജീവിക്കാനാവാത്ത അവസ്ഥയാണ്. കിണറുകളിൽ പൊന്ത വളരുന്ന അവസ്ഥയാണുള്ളത്. മാലിന്യങ്ങൾ പെരുകുന്നത് കാരണം പകർച്ച വ്യാധികളും വ്യാപിക്കുന്നു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ജൂലൈ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.