ന്യൂഡല്‍ഹി: സി പി എം അംഗം ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭയില്‍ പരസ്യമായി ക്ഷമ ചോദിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. മലയാള മാധ്യമ സ്ഥാപന മേധാവികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രം ക്ഷണിച്ചതിലെ അനൗചിത്യം ബ്രിട്ടാസ് സഭയില്‍ ചൂണ്ടിക്കാട്ടി. കൈരളി ടിയുടെ ചീഫ് എഡിറ്റര്‍ അന്‍ഡ് എം ഡി എന്നതിനൊപ്പം തന്നെ ഐ ടി ഇന്‍ഫര്‍മേഷന്‍ ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കൂടിയാണ് ബ്രിട്ടാസ്. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ (ഐബിഡിഎഫ്) ബോര്‍ഡ് അംഗവുമാണ് ബ്രിട്ടാസ്. കേന്ദ്ര മന്ത്രി കേരളത്തില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ മേധാവികളുടെ കൂട്ടായ്മയിലേക്ക് തന്നെ എന്തു കൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു മന്ത്രിയോട് ആരാഞ്ഞിരുന്നതെന്ന് ബ്രിട്ടാസ് വ്യക്തമാക്കി. ഇതിന് മറുപടിയാണ് അനുരാഗ് ഠാക്കൂര്‍ നല്‍കിയത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു എന്നും മറ്റ് പരിപാടികളുടെ തിരക്കുള്ളതിനാലാണ് ബ്രിട്ടാസിനെ കാണാന്‍ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നല്‍കിയത്.