ആനക്കാംപൊയിൽ : വയനാട്ചുരം റോഡിനു ബദലായി പണിയുന്ന 8.11 കിലോമീറ്റര് ദൂരം വരുന്ന വയനാട് തുരങ്ക പാതയുടെ നിർമാണ പ്രവർത്തികൾ തുടക്കം കുറിക്കുവാനടുക്കുന്നു. പദ്ധതിക്ക് സർക്കാർ തലത്തിൽ വേണ്ട നിരവധി അനുമതികൾ എല്ലാം തന്നെ ലഭിച്ചു കഴിഞ്ഞു . പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ച അന്തിമ അപേക്ഷയ്ക്ക് മന്ത്രാലയത്തിന്റെ ബാംഗ്ലൂർ ഓഫീസിൽ നിന്നും വൈകാതെ തന്നെ മറുപടി ലഭിക്കും എന്നറിയുന്നു.
പദ്ധതിക്കായി സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടു സർവേ ജോലികൾ 80 ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ഓരോ വ്യക്തിയുടെയും കൈവശ ഭൂമിയുടെ അതിരുകൾ , സബ്സർവ്വേ അതിരുകൾ എന്നിവയുൾപ്പെടെയുള്ള വിശദമായ സ്കെച്ച്ചും തയ്യാറായി കഴിഞ്ഞു. കേരള സർക്കാർ ഏജൻസി KITCO സെപ്തംബര് 2019 തൊട്ട് നടത്തിയ പദ്ധതിയുടെ സാമൂഹിക പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും സർക്കാർ അംഗീകരിച്ചു .
കോഴിക്കോട് ജില്ലയിൽ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് തുരങ്ക മുഖത്തിൽ നിന്നും 500 മീറ്റർ ദൂരത്തേയ്ക്കു 80 മീറ്റർ വീതിയിലാണ് പദ്ധതി നടത്തിപ്പുകാരായ കൊങ്കൺ റെയിൽവേ കോര്പറേഷൻ പ്രൊജക്റ്റ് ഏരിയ ആയി തിട്ടപ്പെടുത്തിയിരിക്കുന്നത് . ഈ പ്രദേശത്തു ഇരു തുരങ്ക മുഖത്തിൽ നിന്നുമായി രണ്ടു പാലങ്ങൾ ഇരുവഞ്ഞി പുഴയ്ക്കു മീതെ ഏകദേശം 25 മീറ്റർ വീതിയിൽ 75 മീറ്റർ നീളത്തിൽ നിർമിക്കും . പാലങ്ങളിലേക്കുള്ള നാലുവരിപ്പാത അപ്പ്രോച്ച് റോഡുകളും അതിനു കീഴിലായി റൌണ്ട് എബൗട്ടും ഉണ്ടാകും . രണ്ടു പാതകൾക്കും സമാന്തരമായുള്ള സർവീസ് റോഡുകൾ കൂടിച്ചേരുന്നിടത്താണ് റൌണ്ട് എബൗട്ടുകൾ.
ഇരു ജില്ലകളിലും ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ ഉള്ള കെട്ടിടങ്ങൾ , മതിൽകെട്ടുകൾ , കൃഷി , മരങ്ങൾ എന്നിവയുടെയും തിട്ടപ്പെടുത്തലുകൾ നടത്തി പട്ടിക തയ്യാറാക്കുന്ന പ്രവർത്തികളും പൂർത്തീകരിച്ചുവരുന്നു. പ്രദേശവാസികൾക്ക് പുനരധിവാസവും സാമൂഹ്യ ആഘാതവും എന്നിവ പഠനത്തിന്റെ കരട് വിജ്ഞാപനം സർക്കാർ തലത്തിൽ അംഗീകരിച്ചു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുകയാണിപ്പോൾ .
2013 ഭൂമി ഏറ്റെടുക്കൽ ആക്ട് അനുസരിച്ചു ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി ഭൂമി നഷ്ടപ്പെടുന്നവരും റവന്യൂ, കിഫ്ബി വകുപ്പകളിലുള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് ജില്ലാ കളക്ടറേറ്റിൽ നടക്കുന്ന ചർച്ചയുടെ തീയതി അറിയിച്ചുകൊണ്ട് പത്രവാർത്ത ഉടൻ വരുന്നതായിരിക്കും.
തുരങ്കപാതയുടെ നിർമാണത്തിനായി ഇരുവഞ്ഞി പുഴയ്ക്കപ്പുറം കുണ്ടൻ തോടിൽ ആദ്യപടിയായി വൈദ്യതി ട്രാൻഫോർമർ സ്ഥാപിക്കുo. ഇതിലേക്ക് ആവശ്യമായ 12 മീറ്റർ ഉയരമുള്ള മോണോപോൾ വൈദ്യുതി പോസ്റ്റുകൾ മുത്തപ്പൻപുഴയിൽ എത്തി, ഇവ കെ സ് ഇ ബി . പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു വരുന്നു. .