കോഴിക്കോട് : ഉദ്യോഗസ്ഥരെ ബലിയാടാക്കി സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് കോർപ്പറേഷൻ ഭരണകൂടം നടത്തുന്നതെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി ആരോപിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ അഴിമതി നടന്ന അനധികൃത കെട്ടിട നമ്പർ കേസിൽ രണ്ടര മാസം കഴിഞ്ഞിട്ടും യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ല.’ ഇത് ഭരണകൂടത്തിന്റെ നിക്ഷിപ്ത താൽപര്യം വെളിവാക്കുന്നു. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട 5 ജീവനക്കാരിൽ ഒരാൾ ഒഴികെ എല്ലാവരുടെയും നടപടി പിൻവലിച്ചിരിക്കുകയാണ് . ഇതോടെ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കേണ്ട ഉത്തരവാദിത്വം മേയറിനും ഡെപ്യൂട്ടി മേയറി നമുണ്ട്. അനധികൃത കെട്ടിട നമ്പർ നൽകിയ കാര്യത്തിൽ കുറ്റകരമായ കൃത്യവിലോപം നടത്തിയ കോർപ്പറേഷൻ സെക്രട്ടറി, ഇത് സംബന്ധിച്ച് പരാതി നൽകിയ റവന്യൂ ഓഫീസർ ശ്രീനിവാസന്റെ സസ്പെൻഷൻ നടപടി മാത്രം പിൻവലിക്കാൻ തയ്യാറാകാത്തത് ദുരൂഹമാണ്. പ്രതികാര സമീപനമാണ് സെക്രട്ടറിയുടെ പക്ഷത്തു നിന്നും ഉണ്ടായിട്ടുള്ളത്. ‘തൻ്റെലോഗിനും പാസ്സ്‌വേർഡും ദുരുപയോഗപ്പെടുത്തിയതായി സംഭവം പുറത്തുവരുന്നതിന് ആറുമാസം മുമ്പ് തന്നെ സെക്രട്ടറിക്ക് പരാതി നൽകിയ ജീവനക്കാരനാണ് ശ്രീനിവാസൻ. അഴിമതി ചൂണ്ടിക്കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് നാളെ ശ്രീനിവാസന്റെ അനുഭവമായിരിക്കും എന്ന തെറ്റായ സന്ദേശമാണ് ഈ ശിക്ഷനടപടി . എട്ട് കേസുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി എന്നാണ് നേരത്തെ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം കൗൺസിലിൽ 10 കേസുകളിൽ 22 കെട്ടിടങ്ങളുടെ ലിസ്റ്റ് നൽകിയെന്നാണ് വെളിപ്പെടുത്തിയത്. കേസ് എണ്ണത്തെക്കുറിച്ച് വ്യക്തതയില്ല. മാത്രമല്ല നിരവധി കെട്ടിടങ്ങളെ കുറിച്ചുള്ള ലിസ്റ്റ് ടൗൺ പ്ലാനിങ് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സെക്രട്ടറി വ്യക്തമാക്കുന്നു.ഇതിൻ്റെ സ്ഥിതി എന്താണ്. ഒരു കേസിൽ മാത്രമാണ് അറസ്റ്റും അനുബന്ധ നടപടികളും നടന്നത് ‘ കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയും ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തിയും നിരവധി പരാതികൾ മറച്ചു വെക്കുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരായ കേസിലും തുടർനടപടികൾ ഒന്നും ഉണ്ടായിക്കാണുന്നില്ല. സമാന രീതിയിലുള്ള നിരവധി സ്വന്തക്കാരുടെ അനധികൃത നിർമ്മാണം സംരക്ഷിക്കാനും ഉദ്യോഗസ്ഥന്മാരുടെ പേരിൽ മേയറും ഡെപ്യൂട്ടി മേയറും സമ്മർദ്ദം ചെലുത്തുന്നു
: അന്വേഷണത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി എന്ത് എന്ന് വ്യക്തമാക്കാൻ മേയർ തയ്യാറാകണം കൗൺസിൽ മുമ്പാകെ റിപ്പോർട്ട് ചെയ്തതിനുശേഷമേ സസ്പെൻഷൻ സംബന്ധിച്ചു തീരുമാനം ഉണ്ടാകുകയുള്ളൂ എന്ന് കൗൺസിലിൽ വ്യക്തമാക്കിയ ഡെപ്യൂട്ടി മേയർ അടുത്ത ദിവസം തന്നെ പിൻവലിക്കൽ നടപടി സ്വീകരിച്ചത് ദുരൂഹമാണ്. കൗൺസിലിനെ നേരിടാനുള്ള ഭയമാണ് ഈ നിലപാടിലൂടെ തെളിയുന്നത് .
ശക്തമായ പ്രക്ഷോഭ നടപടികൾക്ക് യുഡിഎഫ് തയ്യാറാകുമെന്ന് കൗൺസിൽ പാർട്ടി യോഗം വ്യക്തമാക്കി. പാർട്ടി ലീഡർ കെ സി ശോഭിത അധ്യക്ഷത വഹിച്ചു കെ മൊയ്തീൻ കോയ എസ് കെ അബൂബക്കർ കെ.നിർമ്മല, പി.ഉഷാദേവി ടീച്ചർ, ഓമന മധു, സാഹിദ സുലൈമാൻ, ഡോ.അജിത, കെ.പി.രാജേഷ്, സോഫിയ അനീഷ, അൽഫോൺസ ടീച്ചർ, അജീബ ഷമീൽ, ആയിഷ ബി പാണ്ടികശാല, കവിത അരുൺ, കെ.റംലത്ത് മനോഹരൻ മങ്ങാറിൽ, സംസാരിച്ചു.