KERALAlocaltop news

ലഹരിക്കെതിരെ ഫുട്ബാൾ;മുക്കം ഉപജില്ലാ തല ഫുട്‌ബോളിന് ശനിയാഴ്ച രാവിലെ കിക്കോഫ്; ഫിക്‌സ്ചർ പ്രകാശനം ചെയ്തു

മുക്കം: ‘ലഹരിക്കെതിരെ ഫുട്ബാൾ: ആരോഗ്യമുള്ള ശരീരം, ലഹരിമുക്ത ജീവിതം’ എന്ന സന്ദേശത്തിൽ മാർച്ച് രണ്ടിന് കക്കാട് തൂക്കുപാലത്തോട് ചേർന്നുള്ള ചേന്ദമംഗല്ലൂർ മംഗലശ്ശേരി മൈതാനിയിൽ നടക്കുന്ന മുക്കം ഉപജില്ലാ തല സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം ചെയ്തു.
കക്കാട് ജി.എൽ.പി സ്‌കൂളിൽനടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എടത്തിൽ ആമിന മുൻ താരവും സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡന്റുമായ എടക്കണ്ടി അഹമ്മദ്കുട്ടിക്ക് നൽകി ഫിക്‌സ്ചർ പ്രകാശനം ചെയ്തു.
ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, മുൻ ജില്ലാ താരം കെ.സി അസ്‌ലഹ്, സംഘാടകസമിതി കൺവീനർ ഷാക്കിർ മാസ്റ്റർ, യു.എൽ.സി.സി പ്രൊജക്ട് കോ-ഓർഡിനേറ്റർ സിൽജോ ദേവസ്യ, സ്റ്റാഫ് സെക്രട്ടറി ജി ഷംസുദ്ദീൻ മാസ്റ്റർ, കക്കാട് സ്‌കൂൾ ഫുട്ബാൾ ടീം മാനേജർ കെ ഫിറോസ് മാസ്റ്റർ, കെ.പി നിഷാദ്, സ്‌കൂളിലെ അധ്യാപികമാരായ ഗീതു മുക്കം, ഫസീല വെള്ളലശ്ശേരി, വിൻഷ നെല്ലിക്കാപറമ്പ്, ഷാനില കക്കാട്, സ്‌കൂൾ സ്റ്റാഫ് മാത്യു ടി.സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മുക്കം ഉപജില്ലയിലെ കരുത്തരായ എട്ടു ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച് 11.30-ഓടെ സമാപിക്കുംവിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ജി.യു.പി സ്‌കൂൾ തോട്ടുമുക്കം, ജി.എം.യു.പി സ്‌കൂൾ ചേന്ദമംഗല്ലൂർ, എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി, എച്ച്.എൻ.സി.കെ സ്‌കൂൾ കാരശ്ശേരി, ജി.എം.യു.പി സ്‌കൂൾ കൊടിയത്തൂർ, എസ്.കെ.യു.പി സ്‌കൂൾ സൗത്ത് കൊടിയത്തൂർ, ജി.എൽ.പി.എസ് കൂമാരനല്ലൂർ, ആതിഥേയരായ ജി.എൽ.പി.എസ് കക്കാട് എന്നീ ടീമുകളാണ് മത്സരത്തിൽ ശക്തിപരീക്ഷിക്കുക.
ഫാർമസ്യൂട്ടിക്കൽ രംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ മുക്കം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കെയർ എൻ ക്യൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനമാണ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികൾ സ്‌പോൺസർ ചെയ്തിട്ടുള്ളത്. ജേതാക്കൾക്കുള്ള 5001 രൂപ പ്രൈസ് മണി മുക്കത്തെ പ്രശസ്തരായ കെമിയ പ്രൊജക്ട്‌സ് സമ്മാനിക്കും. റണ്ണേഴ്‌സിനുള്ള 3001 രൂപയുടെ പ്രൈസ് മണി മുക്കത്തെ പ്രമുഖ സ്ഥാപനമായ ചാലിയാർ ഏജൻസീസ് ആണ് സ്‌പോൺസർ ചെയ്തത്.
ഇതിന് പുറമെ ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരൻ, ഏറ്റവും മികച്ച സ്‌റ്റോപ്പർ ബാക്ക്, മികച്ച ഗോൾക്കീപ്പർ, ടോപ് സ്‌കോറർ എന്നിവർക്കുള്ള ട്രോഫികളും പ്രാഥമിക റൗണ്ടിലെ ആദ്യ നാലു കളിയിലെയും മാൻ ഓഫ് ദി മാച്ചിനും ട്രോഫികളുണ്ടാവും. കൂടാതെ, ഏറ്റവും നല്ല അച്ചടക്കമുള്ള ടീമിനും ഏറ്റവും മികച്ച ടീം മാനേജർക്കും പ്രത്യേക ഉപഹാരവും സമാപന ചടങ്ങിൽ സമ്മാനിക്കും. ടീം അംഗങ്ങൾക്കെല്ലാം മെഡലുകളും സമ്മാനിക്കും.
സ്‌കൂൾ ഉൾക്കൊളളുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത്, മൈതാനം നിലനിൽക്കുന്ന മുക്കം നഗരസഭ, കക്കാടുമായി ഹൃദയം ചേർന്നുനിൽക്കുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തുടങ്ങി മൂന്ന് തദ്ദേശ സ്ഥാപനങ്ങളുടെയും ചെയർപേഴ്‌സൺമാർ ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ട സാരഥികളും വിദ്യാഭ്യാസ-കായിക വിദഗ്ധരും വിവിധ സ്‌പോൺസർമാരുടെയും നിറസാന്നിധ്യത്തിൽ രാവിലെ 11.15ന് സമാപന സെഷൻ ആരംഭിക്കും.
പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിന്റെ വിഷൻ 2025 പ്രൊജക്ടിന്റെ ഭാഗമായാണ് ലഹരിക്കെതിരെ ഫുട്‌ബോൾ എന്ന ഉപജില്ലാ തല ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കക്കാട് കണ്ടോളിപ്പാറയിൽ നിർമാണം പുരോഗമിക്കുന്ന സ്‌കൂൾ, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളാക്കണമെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്‌നം പൂവണിയാനുള്ള കഠിന പ്രയത്‌നത്തിലാണ് ബന്ധപ്പെട്ടവർ. കേരളത്തിലെ ഒരു സ്വകാര്യ-സർക്കാർ സ്‌കൂളുകളിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് വർഷം തോറും സ്‌കൂളിൽ വിതരണം ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസിലെ കുട്ടികൾക്കായി വിവിധ മേഖലകളിലായി അരലക്ഷത്തിലേറെ രൂപയുടെ എൻഡോവ്‌മെന്റുകളാണ് സ്‌കൂൾ വാർഷികത്തിൽ വിതരണം ചെയ്യുന്നത്. ഇതിന് പുറമെ ശുചിത്വത്തിൽ ഏറ്റവും മികച്ച ക്ലാസിന് പ്രസ്തുത ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും എൻഡോവ്‌മെന്റായി സമ്മാനിച്ചു. ടാലന്റ് ലാബ്, ലിങ്ക്വിസ്റ്റിക് ലാബ് ഉൾപ്പെടെയുള്ള വിവിധ പരീക്ഷണ ശ്രമങ്ങളും സ്‌കൂളിൽ നടന്നുവരികയാണ്. എല്ലാ സ്‌കൂളുകളിലുമുള്ള ഉച്ചഭക്ഷണത്തിനു പുറമെ ഒരു ഉദാരമതിയുടെ പിന്തുണയോടെ സ്ഥിരമായി പ്രഭാത ഭക്ഷണവും സ്‌കൂളിൽ കുട്ടികൾക്കെല്ലാം നൽകി വരുന്നുണ്ട്. കേരളത്തിലെ മാതൃകാപരമായ ഒരു സർക്കാർ വിദ്യാലയമായി സ്‌കൂളിനെ മാറ്റാനാണ് ശ്രമിക്കുന്നത്. വിഷൻ 2025 നോടനുബന്ധിച്ച് പുതിയ ഹെടെക് കെട്ടിട സമുച്ചയം യാഥാർത്ഥ്യമാകുമ്പോൾ പ്രീപ്രൈമറി കുട്ടികൾക്കായി സർക്കാറിന്റെ വർണ്ണക്കൂടാരം പദ്ധതിയും സ്‌കൂളിൽ സഫലമാവും. ഇതിനുള്ള ഫണ്ടിന്റെ പകുതി തുക ഇതിനകംതന്നെ സ്‌കൂളിന് ലഭ്യമായിട്ടുണ്ട്. അതേപോലെ, പുതിയ അധ്യയനവർഷം മുതൽ വയനാട് എം.പിയുടെ സ്‌കൂൾ ബസും സ്‌കൂളിലെത്തും. പാഠ്യരംഗത്തും കലാ-കായികരംഗത്തുമെല്ലാം ശിശുസൗഹൃദാന്തരീക്ഷത്തിൽ കുട്ടികളെ പടിപടിയായി ഉയർത്തിക്കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങളാണ് സ്‌കൂളിൽ നടന്നുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close