കോഴിക്കോട്: കളിപ്പാട്ടങ്ങൾ വിൽക്കുന്നതിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാളെ സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. കൊമ്മേരി സ്വദേശി ഹസ്സൻ കോയ(37) യെ മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ കെ. സുരേഷ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്. രാവിലെയും വൈകുന്നേരവും മാത്രമാണ് കട തുറന്നു പ്രവർത്തിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് ശേഷം തുറക്കുന്ന കടയിൽ അർദ്ധരാത്രി വരെ നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്ന കടയിലാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് പോലീസും പരിശോധന നടത്തിയത്. മുന്നൂറിലധികം നിരോധിത പുകയില പാക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു. . സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.