പാല : ഭരണങ്ങാനം അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഛർദിയും, വയറിളക്കവും ബാധിച്ച നിരവധി കുട്ടികൾ കഴിഞ്ഞ ദിവസങ്ങളിലായി ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലടക്കം ചികിത്സ തേടി. അവശരായ പലർക്കും ട്രിപ്പ് ഇട്ടതോടെയാണ് അസുഖത്തിന് നേരിയ ശമനമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200ലധികം കുട്ടികൾ ജർമൻ ഭാഷാ കോഴ്സ് പഠിക്കുന്ന പുതിയ ബാച്ചിൽ ചേർന്നിട്ടുണ്ട്. സ്ഥാപനം വാടകയ്ക്കെടുത്ത വിവിധ വീടുകളിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ ഹോസ്റ്റലുകളിലേക്കും ഒരേ കാറ്ററിങ്ങ് സ്ഥാപനമാണ് ഭക്ഷണം നൽകുന്നത്. അതിനാൽ എല്ലാ ഹോസ്റ്റലിലും താമസിക്കുന്നവർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷണവും താമസവുമടക്കം ഒരു മാസത്തേക്ക് 6250 രൂപയാണ് ഹോസ്റ്റൽ ഫീസ്. 45 ദിവസത്തെ കോഴ്സ് ആണെങ്കിലും രണ്ടു മാസത്തെ ഫീസായ 12500 രൂപ സ്ഥാപനത്തിൽ മുൻകൂറായി വാങ്ങിയിട്ടുണ്ട്. അതിനാൽ ഇവർ നൽകുന്ന ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ഓരോ വീട്ടിലും പതിനഞ്ചോളം പേർ വീതം താമസിക്കുന്നുണ്ട്. പക്ഷെ പത്തോ പന്ത്രണ്ടോ പേർക്കുള്ള ഭക്ഷണമേ ഓരോ നേരവും കാറ്ററിങ് ഏജൻസി വിതരണം ചെയ്യാറുള്ളൂ. ഭക്ഷണത്തിലെ കുറവും , നിലവാരക്കുറവും വിദ്യാർത്ഥികൾ പല തവണ അധികൃതരെ അറിയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോഴ്സിൽ കൂടുതലും പെൺകുട്ടികളാണ്. ഭക്ഷണത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ആരോഗ്യവകുപ്പിനേയും, ഭക്ഷ്യ സുരക്ഷാ വകുപ്പിനേയും അറിയിക്കാനുള്ള നീക്കത്തിലാണ് രക്ഷിതാക്കളിൽ ചിലർ.
Related Articles
December 23, 2021
120