KERALAtop news

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം, ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസും ബി ജെ പിയും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസിന് തീപ്പിടിച്ചു. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തി നശിച്ചതായാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു പൊതുഭരണ വകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായത്.
ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എന്‍ ഐ എ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോള്‍ ഓഫീസറോടാണ്.

സ്വര്‍ണക്കടത്തിലെ തെളിവ് നശിപ്പിക്കാനാണ് തീപ്പിടിത്തമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രോട്ടോക്കോള്‍ ഓഫീസിലെ രേഖകള്‍ കത്തിനശിച്ചെങ്കില്‍ അതില്‍ ദുരൂഹതയുണ്ട്. എന്‍ ഐ എയുടെ അന്വേഷണ പരിധിയില്‍ തീപിടിത്തവും വരണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ വിശദാംശങ്ങള്‍ അന്വേഷണ സമിതിക്ക് മുമ്പാകെ വരാതിരിക്കാന്‍ സര്‍ക്കാര്‍ തീ കൊടുത്തതാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. തീപ്പിടിത്തത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ മൂന്ന് പേരെ അകത്തേക്ക് പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close