കോഴിക്കോട്: റോഡുകളുടെ നിർമ്മാണമടക്കം നഗരത്തിൽ നടപ്പാക്കേണ്ട 162 മരാമത്ത് ജോലികളുടെ ടെണ്ടറുകൾക്ക് മേയർ ഡോ.ബീനഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകി. ഈ കൊല്ലം നടപ്പാക്കേണ്ട 30 കോടിയോളം രൂപയുടെ 646 പദ്ധതികളിൽ പെട്ടവയാണിവയെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ പറഞ്ഞു. കൗൺസിൽ അംഗീകരിച്ചതോടെ ഈ മാസം 15 നകം മുഴവൻ പദതികൾക്കും കരാർ നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ് അംഗങ്ങൾ പ്രത്യേക യോഗത്തിൽ നിന്ന് വിട്ടുനിന്നു. യു.ഡി.എഫ് അംഗങ്ങളുടേത് ഉത്തരവാദിത്വമില്ലായ്മയാണെന്നും അറിയിപ്പൊന്നും നൽകാതെ കൗൺസിലിൽ എത്താത്തതിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മേയർ പറഞ്ഞു. എന്നാൽ കോർപ്പറേഷൻ കൗൺസിലിൽ ഡിസംബർ 17ന് വനിതാ കൗൺസിലർമാർക്ക് നേരെ ഇടതുമുന്നണി കൗൺസിലർമാർ നടത്തിയ ആക്രമണത്തിൽ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത ഭരണ സമിതി നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അറിയിച്ചു. യു.ഡി.എഫ് കൗൺസിലർമാർ എത്താത്തതിനെ വിവിധ ഭരണ പക്ഷ കൗൺസിലർമാർ അപലപിച്ചു. മാർച്ച് 31 നകം മുഴുവൻ ഫണ്ടുകളും ചെലവാക്കാനാവണമെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. പ്രത്യേക കൗൺസിൽ യോഗം ബഹിഷ്ക്കരിക്കുന്നത് കോർപറേഷൻ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വാക്കുപോലും പറയാതെ നഗരത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രധാന കാര്യങ്ങൾ നിശ്ചയിക്കാനുള്ള യോഗത്തിൽ നിന്ന് വിട്ടു നിന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. അജണ്ടകൾ ചർച്ച ചെയ്യാൻ താത്പര്യമില്ലാതെ തരം താണ രാഷ്ട്രീയമാണ് യു.ഡി.എഫ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എൽ.എ ഫണ്ടും പ്രളയ ഫണ്ടും ഉപയോഗിച്ചുള്ള ഫണ്ട് വിനിയോഗിക്കുന്നതിലുള്ള സങ്കീർണ്ണതകൾ ഒഴിവാക്കാൻ സർക്കാറിനെ സമീപിക്കാനും യോഗം തീരുമാനിച്ചു. സി.പി.സുലൈമാൻ, എൻ.സി. മോയിൻകുട്ടി, അഡ്വ.സി.എം.ജംഷീർ, സുജാത കൂടത്തിങ്ങൽ, സി.എസ്.സത്യഭാമ, എം.എസ്.തുഷാര, ഒ.സദാശിവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Related Articles
Check Also
Close-
ജനങ്ങൾക്ക് പുതുവത്സര സമ്മാനവുമായി യു എ ഇ ; ഇന്ധനവില കുറച്ചു
December 31, 2022