കോഴിക്കോട് : സീബ്രാ ക്രോസിംഗുകളിലൂടെ ഏതു സമയത്തും റോഡ് മുറിച്ചുകടക്കുന്നവർക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവർക്കെതിരെയും പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അലക്ഷ്യമായി മൊബൈൽ ഫോണിൽ സംസാരിച്ച് റേഡ് മുറിച്ചു കടക്കുന്നവർക്കെതിരെയും നടപടിയെടുക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഉത്തമമായ ഒരു ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ ബോധവത്കരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരത്തിലെ വൺവേ ലംഘനം, ഹൈബീം ഉപയോഗം, അമിതവേഗത തുടങ്ങിയ നിയമലംഘനങ്ങളെ കുറിച്ച് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങളിലും നിയമലംഘനങ്ങൾക്കെതിരെയും സിറ്റി ട്രാഫിക് പോലീസ് ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇടപെടലുകൾ ഉണ്ടായിട്ടും അപകടങ്ങൾ വർദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു. ഇരുചക്രവാഹനങ്ങൾ കൂട്ടിമുട്ടി മരണം സംഭവിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇപ്പോൾ ഇത് സാധാരണ വാർത്തയായി മാറിയിരിക്കുന്നു. അനിയന്ത്രിതമായ വേഗതയും നഗ്നമായ നിയമലംഘനവും അക്ഷമയും ട്രാഫിക്
സംസ്കാരത്തിൻ്റെ അഭാവവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. എല്ലാതരം വാഹനങ്ങൾ ഓടിക്കുന്നവരും കാൽനടക്കാർക്ക് അർഹമായ പരിഗണന നൽകേണ്ടതാണ്. അതേസമയം ട്രാഫിക് സിഗ്നലുകൾ അവഗണിക്കുന്നതിൽ കാൽനടയാത്രക്കാരും ഒട്ടും പിറകിലല്ല. വാഹനങ്ങൾക്ക് പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോൾ തന്നെ റോഡ് മുറിച്ചുകടക്കുന്നത് സാധാരണ കാഴ്ചയാണ്. സീബ്ര ക്രോസിംഗുകളിൽ കൂടി ഏതു സമയത്തും റോഡ് മുറിച്ചുകടക്കാമെന്നാണ് ചിലരുടെ ധാരണയെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.