കോഴിക്കോട്: നഗര റോഡുകളിൽ തടസങ്ങളും അപകടവും കൂടിയ സാഹചര്യത്തിൽ തടസങ്ങളും കയ്യേറ്റങ്ങളും തടയാൻ കർശന നടപടിയെടുക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. ഇതിന്റെ ഭാഗമായി കോതി പാലം മുതൽ സൗത് ബീച്ച് വരെയുള്ള മുഴുവൻ റോഡ് കയ്യേറ്റവും ഒഴിപ്പിക്കാൻ ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. പ്രത്യേക ദൗത്യ സംഘമുണ്ടാക്കി ഒരാഴ്ചക്കകം മുഖം നോക്കാതെ നടപടിയെടുക്കും. ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം വിളിച്ച് മറ്റ് ഭാഗങ്ങളിലും നടപടിയെടുക്കും. എസ്.കെ.അബൂബക്കർ, ടി.കെ.ചന്ദ്രൻ എന്നിവരാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കഴിഞ്ഞ ദിവസം അപകടത്തിൽ രണ്ട് പേർ മരിച്ച എൽ.ഐ.സി ക്ക് മുന്നിൽ അനാവശ്യ ഡിവൈഡറുകളും മറ്റുമാണ് അപകടതതിനിടയാക്കിയതെന്നും ഈ ഭാഗത്തെ റോഡിലെ കച്ചവടം തടയണമെന്നും കെ. മൊയ്തീൻ കോയ ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തത്തോടെ നഗര ഗതാഗതം ആസൂത്രണം ചെയ്യണമെന്നും ആവശ്യമുയർന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ പുതിയ റോഡുകൾ പോലും മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി കുത്തിക്കുഴിക്കുന്നതിനെതിരെ എം.ബിജുലാൽ ശ്രദ്ധ ക്ഷണിച്ചു. റോഡുകളിൽ കേബിളുകൾ അപകടം വരുത്തുന്നതിനെതിരെ അൽഫോൻസ മാത്യുവും ശ്രദ്ധ ക്ഷണിച്ചു. കൗൺസിലർമാരുമായി ബന്ധപ്പെടാതെ റോഡിൽ കുഴിയെടുക്കുന്നത് തുടരുകയാണെന്നും പല സ്വകാര്യ കമ്പനികളും തങ്ങളുടെ പേര് കേബിളുകിൽ അടയാളപ്പെടുത്തണമെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്നും പരാതിയുയർന്നു. ഈ സാഹചര്യത്തിൽ മേയറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു.
പാചക വാതക വിലക്കയറ്റം പിൻ വലിക്കണമെന്ന് കൗൺസിൽ യോഗം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗിലെ കെ.മൊയ്തീൻ കോയ കൊണ്ടുീവന്ന അടിയന്തര പ്രമേയത്തെ എൽ.ഡി.എഫും പിന്തുണച്ചു. ബി.ജെ.പി എതിർപ്പോടെ വോട്ടിനിട്ടാണ് പ്രമേയം പാസാക്കിയത്. തൊഴിലുറപ്പ് ജോലിചെയ്തവർക്ക് പണം കിട്ടാത്ത കാര്യത്തിൽ ടി.റനീഷും കെട്ടിട നിർമ്മാണ അനുമതിക്ക് ഉദ്യോഗസ്ഥർ അനാവശ്യ തടസങ്ങൾ ഉന്നയിക്കുന്നതിൽ ടി.സുരേഷ് കുമാറും ശ്രദ്ധ ക്ഷണിച്ചു. മാനാഞ്ചിറ സ്ക്വയർ നവീകരണം പൂർത്തിയാക്കാത്ത കരാറകുാർക്കെതിരെ നടപടിയെടുക്കും. കോർപറേഷൻ ഓഫീസ് നവീകരണ ഭാഗമായി കരാറുകാർക്ക് 2.17 കോടി രൂപ നൽകാൻ യു.ഡി.എഫ് വിയോജനക്കുറിപ്പോടെ കൗൺസിൽ അംഗീകാരം നൽകി. നിർമ്മാണം പൂർത്തിയായി വരുന്ന കണ്ടം കുളം ജൂബിലിഹാളിന് മുഹമ്മദ് അബുദുറഹിമാൻ ജൂബിലി ഹാളെന്നും കോവൂർ കമ്യൂണിറ്റിഹാളിന് പി.കൃഷ്ണപ്പിള്ള മെമ്മോറിയൽ ഓഡിറ്റോറിയം കേവൂർ എന്നും പേരിടാൻ കൗൺസിൽ യോഗം തുീരുമാനിച്ചു. ഈ ഹാളുകളുടെ പുതുക്കിയ വാടകയും നിശ്ചയിച്ചു.
മീഞ്ചന്ത ബസ് സ്റ്റാന്റ് നിർമ്മാണത്തിന് വിശദ പദ്ധതി രേഖയുണ്ടാകാൻ താത്പര്യ പത്രം ക്ഷണിക്കാൻ കൗൺസിൽ തീരുമാനിച്ചു. പഴയ കോർപറേഷൻ ഓഫീസ് ചരിത്ര മ്യൂസിയമാക്കാനുള്ള വിശദ പദ്ധതി രേഖക്കും താത്പര്യ പത്രം ക്ഷണിക്കും. ബേപ്പൂർ ബഷീർ മ്യൂസിയത്തിന് കൂടുതൽ സ്ഥലമെടുക്കാനും പാളയം മുതൽ മുതലക്കുളം വരെ മാസ്റ്റർ പ്ലാൻ പ്രകാരം വികസിപ്പിക്കാൻ സ്വകാര്യസഹായത്തോടെ താത്പര്യപത്രം ക്ഷണിക്കാനും തീരുമാനമായി.