കോഴിക്കോട്: പക്ഷാഘാത ചികിത്സയ്ക്കായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ സമഗ്ര പക്ഷാഘാത പരിചരണ കേന്ദ്രം – മേയ്ത്ര സ്ട്രോക്ക് കെയര്‍ സെന്റര്‍ ആരംഭിച്ചു. ന്യൂറോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ അത്യാഹിത വിഭാഗം, കാത്ത് ലാബ്, റേഡിയോളജി വിഭാഗം എന്നിവ സമന്വയിപ്പിച്ചുള്ള സമഗ്ര ചികിത്സയാണ് സെന്ററില്‍ ലഭ്യമാക്കുന്നത്.
മുഴുവന്‍ സമയവും ന്യൂറോളജിസ്റ്റിന്റെയും പക്ഷാഘാത ചികിത്സാ വിദഗ്ധരുടെയും സാന്നിധ്യം സെന്ററിലുണ്ടാകും.
ലോകമെങ്ങും 25 വയസ്സുകഴിഞ്ഞവരില്‍ നാലിലൊരാള്‍ക്ക് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകുന്നുവെന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് പക്ഷാഘാതത്തിന് മാത്രമായി അത്യാധുനിക ചികിത്സകളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള സമഗ്രചികിത്സാ കേന്ദ്രം ആരംഭിച്ചത്. പക്ഷാഘാതം സംഭവിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ പോലും പാഴാക്കാതെ ആദ്യ മണിക്കൂറില്‍-ഗോള്‍ഡന്‍ അവര്‍- മികച്ച പരിചരണം നല്‍കേണ്ടത് അനിവാര്യമാണ്. മരണത്തില്‍ പോലും കലാശിക്കാന്‍ സാധ്യതയുള്ള സ്ട്രോക്ക് അവരുടെ ജീവിതത്തില്‍ വരുത്തുന്ന ആഘാതം, ലഘൂകരിക്കാന്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയാണ് വേണ്ടത്.
വ്യവസ്ഥാപിതമായ ട്രീറ്റ്മെന്റ് പാത് വേ ഒരുക്കിയിട്ടുള്ള സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസ്ത പക്ഷാഘാത ചികിത്സകനും ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജിസ്റ്റുമായ ഡോ. ദീപ് പിള്ള നേതൃത്വം നല്‍കും. ഡോ. സച്ചിന് സുരേഷ് ബാബു, ഡോ. കൃഷ്ണദാസ് എന്‍ സി, ഡോ. പൂര്‍ണ്ണിമ നാരായണന് തുടങ്ങിയ ന്യൂറോളജി ഡോക്ടര്‍മാരുടെ സംഘവും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. സെന്ററിന്റെ പ്രവര്‍ത്തനം നാലു വിഭാഗങ്ങളായാണ് നടക്കുന്നത്.
ആദ്യത്തേത് അക്യൂട്ട് സ്ട്രോക്ക് ട്രീറ്റ്മെന്റ് യൂണിറ്റ് (എഎസ്ടിയു) അത്യാഹിത വിഭാഗത്തോടൊപ്പം ഒരുക്കിയ പ്രത്യേക സംവിധാനമാണ്. എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ. ഫര്ഹാന് യാസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗം എല്ലാ രോഗികള്‍ക്കും ഏതു സമയവും അത്യാധുനിക സേവനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.
അക്യൂട്ട് സ്ട്രോക്ക് ട്രീറ്റ്മെന്റ് യൂണിറ്റില്‍ (എഎസ്ടിയു) ധമനികളില്‍ നിന്ന് രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ഇന്‍ട്രാവീനസ് ത്രോംബോലിസിസ്, മെക്കാനിക്കല്‍ ത്രോംബക്ടമി തുടങ്ങിയ ചികിത്സകള്‍ ചെയ്യാനാകും. അതോടൊപ്പം അത്യാധുനിക റാപ്പിഡ് എ ഐ സൊഫ്ട്വെയര്‍ ഉപയോഗിച്ചുള്ള റേഡിയോളജി പരിശോധനകളും ഇവിടെ ചെയ്യാമെന്ന് റേഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണന് പുതുശ്ശേരി അറിയിച്ചു.
പക്ഷാഘാതം സംഭവിച്ചെത്തുന്ന രോഗികള്‍ക്ക് നിമിഷങ്ങള്‍ പോലും പാഴാക്കാതെ ചികിത്സ നല്‍കാനുള്ള എഎസ്ടിയു ചികിത്സകള്‍ക്കു ശേഷം കിടപ്പുരോഗികള്‍ക്കായി നാലു കിടക്കകളുള്ള സെമി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ഉള്‍ക്കൊള്ളുന്നതാണ് സ്ട്രോക്ക് യൂണിറ്റ്. സ്ട്രോക്ക് യൂണിറ്റില്‍ ന്യൂറോമോണിറ്ററിംഗ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് വിദഗ്ധ പരിശീലനം നേടിയ നഴ്സുമാരുടെ സേവനം ലഭ്യമായിരിക്കും.
സ്ട്രോക്ക് വരാതിരിക്കാനും വന്നാല്‍ പരമാവധി അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടതു ചെയ്യാനുമായുള്ളതാണ് സ്ട്രോക്ക് പ്രിവന്‍ഷന്‍ ക്ലിനിക്ക്. സ്ട്രോക്ക് വരാനുള്ള സാധ്യത പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ നല്കാന് കൂടി ലക്ഷ്യമിട്ടാണ് സ്ട്രോക്ക് പ്രിവന്‍ഷന്‍ ക്ലിനിക്ക് തയ്യാറാക്കിയിരിക്കുന്നത്.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളും മുന്‍കരുതലുകളും വര്‍ഷം നീണ്ട പ്രോഗ്രാമുകളിലൂടെ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയാണ് സ്ട്രോക്ക് വൊളന്റിയര്‍ പ്രോഗ്രാം. പക്ഷാഘാതത്തിനെതിരെ പൊരുതാന്‍ സന്നദ്ധ പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിന്റെ കൂടി ഭാഗമായാണ് സ്ട്രോക്ക് വളന്റിയര്‍ പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്.
ഇത്തരത്തില്‍ നാലു വിഭാഗങ്ങളാണ് സെന്ററിനു കീഴില്‍ സജ്ജമാക്കിയിട്ടുള്ളത്.
”എല്ലാ രോഗങ്ങള്‍ക്കും ഏറ്റവും നല്ല ചികിത്സാനുഭവവും മികവുറ്റ വിദഗ്ധ ചികിത്സയും നല്‍കുകയെന്ന വീക്ഷണമാണ് മേയ്ത്ര ഹോസ്പിറ്റല്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. പക്ഷാഘാതത്തെ പ്രതിരോധിക്കാനും ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ കൊണ്ടും മികച്ച സേവന സന്നദ്ധതകൊണ്ടും പക്ഷാഘാത ചികിത്സാരംഗത്ത് വഴിത്തിരിവാണു മേയ്ത്ര അഡ്വാന്‍സ്ഡ് സ്ട്രോക്ക് കെയര്‍ സെന്റര്‍.” മേയ്ത്ര ഹോസ്പിറ്റല്‍ ആന്റ് കെഇഎഫ് ഹോള്‍ഡിംഗ്സ് ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളന് പറഞ്ഞു.
‘ടിഎഎച്ച്പി -TAHP ആസ്ത്രേലിയ’യുമായി സഹകരച്ച് ‘രോഗീകേന്ദ്രിത സേവനങ്ങള്‍ക്ക്’ പ്രാമുഖ്യം നല്കുന്ന ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യനിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് കെഇഎഫ് ഹോള്‍ഡിംഗ്സിന്റെ ഓഫ്സൈറ്റ് നിര്‍മാണ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ക്ലീവ്ലാന്റ് ക്ലിനിക്കിലെ ഫിസിഷ്യന്മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള ‘കെയര്‍-പാത്ത്’ മാതൃകയിലാണ്. കടലാസു രഹിത സംവിധാനം, യൂണിറ്റ് ഡോസ് ഡ്രഗ് ഡെലിവറി സിസ്റ്റം, ക്ലിനിക്കല്‍ പാത്-വേ സംവിധാനം എന്നിവ മേയ്ത്രയുടെ പ്രത്യേകതയാണ്.
ഹാര്‍ട്ട് ആന്റ് വാസ്കുലര്‍ കെയര്‍, ന്യൂറോസയന്‍സസ്, ഗാസ്ട്രോ സയന്‍സസ്, ബോണ്‍-ജോയിന്റ് ആന്റ് സ്പൈന്‍, ബ്ലഡ് ഡിസീസസ്-ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി, നെഫ്രോ യൂറോ സയന്‍സസ്, കിഡ്നി ട്രാന്സ്പ്ലാന്റേഷന്, ഒബ്സ്ട്രെറ്റിക്സ് ആന്റ് ഗൈനക്കോളജി തുടങ്ങിയ സെന്റര്‍ ഓഫ് എക്സലന്‍സുകള്‍ വഴി ഓരോ രോഗിക്കും ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സ മേയ്ത്ര ഉറപ്പുവരുത്തുന്നു.
അതിനൂതന സംവിധാനങ്ങളുള്ള 7 ഓപറേഷന് തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങള്‍, 3-ടെസ്ല എംആര്‍ഐ മെഷിന്, 128-സ്ലൈസ് സിടി, ടെലി-ഐസിയുകള്‍ തുടങ്ങി ആതുരശുശ്രൂഷാ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മേയ്ത്ര സേവന പാതയില്‍ കൂടുതല്‍ മുന്നേറുന്നത്.