KERALAlocalTechnology
ട്രെയിന്‍ തീവയ്പ്പ് കേസ് ; ഷാറൂഖിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എഡിജിപിയും കൂട്ടരും മാത്രം !
സ്വന്തംലേഖകന്‍
കോഴിക്കോട് : തീവ്രവാദ സാധ്യതയേറെ നിലനില്‍ക്കുന്ന എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ കേട്ടറിഞ്ഞത് എസ്ഐടി മാത്രം ! ഏഴ് ദിവസമായുള്ള ചോദ്യം ചെയ്യലിനിടെ വിവരങ്ങള്‍ തേടിയെത്തിയ കേന്ദ്ര ഏജന്‍സികളെ വരെ പരമാവധി പ്രതിയില്‍ നിന്ന് അകറ്റി നിര്‍ത്തിയ അന്വേഷണസംഘം സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നിലും വാതില്‍കൊട്ടിയടച്ചു. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്കൊന്നും പ്രതിയുമായി സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ കേസന്വേഷണ ഘട്ടത്തില്‍ എസ്ഐടിയ്ക്ക് സഹായകമായ വിവരങ്ങള്‍ പുറത്തു നിന്നും കൈമാറുന്നതിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
തീവ്രവാദ സ്വഭാവമുള്ള കേസുകളില്‍ കേന്ദ്രത്തിന്റെയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ പല ഏജന്‍സികളും സ്ഥലത്തെത്തി വിവിധ മേഖലയിലായുള്ള ചോദ്യങ്ങള്‍ ചോദിക്കും. കേസന്വേഷിക്കുന്ന ഏജന്‍സികള്‍ അതത് കേസിന്റെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പ്രത്യേകമായി ഒരു കേസില്‍ മാത്രം ഊന്നിയുള്ള ചോദ്യങ്ങളല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും വിധത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സമാനസ്വഭാവമുള്ള കേസുകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അത്തരം വിവരങ്ങളെല്ലാം ക്രോഡീകരിക്കുകയും അവ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ പ്രതിയോട് ചോദിച്ചറിയുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയില്‍ നിന്നും ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും മറ്റു ഏജന്‍സികള്‍ക്ക് ചോദിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ചോദ്യം ചെയ്യലില്‍ സ്വീകരിച്ച നിലപാട് പ്രതിയ്ക്കും പ്രതിയുമായി ബന്ധമുള്ളവര്‍ക്കും സഹായകരമാണെന്ന ആരോപണവും മറ്റു ഏജന്‍സികള്‍ക്കിടയിലുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ മറിച്ചുവയ്ക്കാനും കെട്ടുകഥകള്‍ സൃഷ്ടിച്ചെടുക്കാനും പ്രതിയ്ക്ക് ഇതിനകം സമയം ലഭിച്ചിട്ടുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കൂടാതെ പ്രതിയുമായി ബന്ധപ്പെട്ടവര്‍ പുറത്തുണ്ടെങ്കില്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും മറ്റ് ഏജന്‍സികള്‍ വ്യക്തമാക്കി .