KERALAlocaltop news

വെട്ടലും നിരത്തലും തീര്‍ന്നില്ല ; പോലീസിന്റെ ട്രാന്‍സ്ഫര്‍ പട്ടിക ഐസിയുവില്‍ !

 

സ്വന്തംലേഖകന്‍

കോഴിക്കോട് : സംസ്ഥാന പോലീസിലെ ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികളില്‍ ‘വെട്ടലും തിരുത്തലും’ ഇനിയും ബാക്കി ! മെയ് ഒന്നിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സേനാംഗങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ നിര്‍ദേശമുണ്ടെങ്കിലും കോഴിക്കോട് സിറ്റി പോലീസിലുള്‍പ്പെടെ മിക്ക ജില്ലകളിലും ഇതുവരേയും ഉത്തരവിറങ്ങിയിട്ടില്ല. തെക്കന്‍ ജില്ലകളില്‍ പലയിടത്തും സ്ഥലം മാറ്റ ഉത്തരവ് ഇറക്കുകയും പോലീസുകാര്‍ പുതിയ ജോലിസ്ഥലത്ത് പ്രവേശിക്കുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പ് ജനറല്‍ ട്രാന്‍സ്ഫര്‍ ഫയല്‍ തയാറായെങ്കിലും ജില്ലാ പോലീസ് മേധാവിമാരുടെ വിശദപരിശോധന പൂര്‍ത്തിയാക്കുന്നതിലുണ്ടാവുന്ന കാലതാമസമാണ് സ്ഥലം മാറ്റ ഉത്തരവ് വൈകാന്‍ കാരണമെന്നാണറിയുന്നത്.

അവധിക്കാലത്താണ് ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടിക പുറത്തിറക്കാറുള്ളത്. പോലീസുകാരുടെ കുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളികളുടെ ജോലിയും മറ്റും മുന്നില്‍കണ്ടാണ് മാര്‍ച്ച് മാസം മുതല്‍ സ്ഥലം മാറ്റം നടക്കുന്നത്. പോലീസുകാരുടെ സ്ഥലം മാറ്റം മക്കള്‍ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ അധ്യയനവര്‍ഷാവസനത്തില്‍ തന്നെ സ്ഥലം മാറ്റനടപടികള്‍ ആരംഭിച്ചാല്‍ പോലീസുകാര്‍ സ്ഥലം മാറുന്നിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളുടെ തുടര്‍പഠനത്തിനുള്ള സൗകര്യവും കണ്ടെത്താം. കൂടാതെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ള പങ്കാളിക്കും സ്ഥലം മാറ്റത്തിനനുസരിച്ച് അപേക്ഷ നല്‍കാനുള്ള അവസരവും ഉണ്ടാവും. എന്നാല്‍ ഇത്തവണ പലയിടത്തും സ്ഥലം മാറ്റ ഉത്തരവ് വൈകിയതോടെ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യമുള്‍പ്പെടെ അവതാളത്തിലാവുമെന്ന ആശങ്കയിലാണ് പോലീസുകാര്‍.

എട്ട് കിലോമീറ്ററിന് പുറത്താണ് സ്ഥലം മാറ്റമെങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഏഴു ദിവസമെങ്കിലും അവധിയെടുക്കാമെന്നാണ് ചട്ടം. ഇത്തരത്തില്‍ എട്ട് കിലോമീറ്ററിന് പുറത്തേക്ക് സ്ഥലം മാറ്റുന്ന പോലീസുകാര്‍ കോഴിക്കോട് സിറ്റിയിലുള്‍പ്പെടെയുള്ള ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. സ്ഥലം മാറ്റനടപടികള്‍ പൂര്‍ത്തീകരിച്ച് ഉദ്യോഗസ്ഥര്‍ക്ക് പുതിയ സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രമാണുള്ളത്.

അതേസമയം സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങാന്‍ വൈകിയതിനാല്‍ അനുവദനീയമായ അവധി പോലും എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പോലീസുകാര്‍. എട്ട് കിലോമീറ്റര്‍ പരിധിക്ക് പുറത്തേക്ക് സ്ഥലം മാറ്ററമുള്ളവര്‍ക്ക് അനുവദിച്ച ആറ് ദിവസത്തെ അവധിയെടുക്കാന്‍ ഇനി ദിവസങ്ങളില്ല. കൂടാതെ മെയ് ഒന്നിന് തന്നെ ജോലിയില്‍ പ്രവേശിക്കണമെന്ന നിബന്ധനകൂടി ഉള്ളതിനാല്‍ അവധി കൂടുതല്‍ ദിവസത്തേക്ക് നീട്ടാനും സാധിക്കില്ല. ഇതോടെ പോലീസുകാര്‍ ആശങ്കയിലായി. ഒരേ പോലീസ് സ്‌റ്റേഷനില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെയാണ് ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയിലുള്‍പ്പെടുത്തി സ്ഥലം മാറ്റുന്നത്. സ്ഥലം മാറ്റത്തിന് വിധേയരാകുന്ന പോലീസുകാര്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ നല്‍കാനുള്ള അവസരവും അനുവദിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട മൂന്ന് പോലീസ് സ്‌റ്റേഷനുകള്‍ പ്രധാന്യമനുസരിച്ച് എഴുതി നല്‍കാം. ആദ്യ ഓപ്ഷന്‍ പരിഗണിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റു രണ്ട് ഓപ്ഷനുകള്‍ കൂടി പരിശോധിച്ചാണ് സ്ഥലം മാറ്റം നിശ്ചയിക്കുന്നത് . സാധാരണയായി സ്ഥലം മാറ്റ പട്ടികയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടുകൂടി വെട്ടലും തിരുത്തലും നടക്കാറുണ്ട്. എങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കാറുണ്ടായിരുന്നു. ഇത്തവണ ഇതില്‍ കാലതാമസം നേരിട്ടതാണ് പോലീസുകാര്‍ക്ക് വിനയായത്. എലത്തൂര്‍ ട്രയിന്‍ തീവയ്പ്പ് കേസിന് പിന്നാലെയുള്ള അന്വേഷണത്തെ തുടര്‍ന്നാണ് കോഴിക്കോട് സിറ്റിയില്‍ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങാന്‍ വൈകിയതെന്നാണ് പോലീസ് ഉന്നതര്‍ പറയുന്നത്. അവധി സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close