തിരുവമ്പാടി : കോടികളുടെ വിദ്യാഭ്യാസ കച്ചവടം നടത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന സീറോ മലബാർ സഭയെ അതിരൂക്ഷമായി വിമർശിച്ച താമരശേരി രൂപതയിലെ യുവ വൈദികൻ ഫാ. അജി പുതിയാപറമ്പിലിനെതിരെ ചിലർ പുറത്തിറക്കിയ വാട്സ് ആപ് സന്ദേശത്തെ അതേ രീതിയിൽ നേരിട്ട് വിശ്വാസ സമൂഹം . വിദ്യാഭ്യാസ കൊള്ളയെ ന്യായീകരിച്ച് ഊരും പേരുമില്ലാത്ത ആരോ പ്രചരിപ്പിക്കുന്ന വാട്സ് ആപ് സന്ദേശക്കുറിച്ച് ട്രോളുകൾ ഇറക്കിയാണ് അൽമായരുടെ പ്രതികരണം. ലൂസിഫർ സിനിമയിലെ നടൻ മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗ് – ഉൾപ്പെടുത്തിയാണ് ട്രോൾ . ഫാ അജിയെ വിമർശിച്ച് പുറത്തിറക്കിയ സന്ദേശത്തിൽ – അതെഴുതിയത് ഒരു വൈദികനാണെന്നു പറയുന്നുണ്ടെങ്കിലും പേര് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ പ്രാവീണ്യം നേടിയ ചില വൈദികരെയാണ് വിശ്വാസികൾ സംശയിക്കുന്നത്. ഒരു പത്രത്തിന്റെ മാനേജ്മെന്റ് പദവിയിലിരിക്കുന്നവരും , അടുത്തിടെ പദവിയിൽ നിന്ന് മാറ്റപ്പെട്ടതുമായ വൈദികരെയാണ് വിശ്വാസികൾ സംശയിക്കുന്നത്. ഫാ അജിക്കെതിരെ അപവാദ പ്രചരണം തുടർന്നാൽ – തെയ്യപ്പാറ സംഭവം ഉൾപ്പെടെ പുറത്തു കൊണ്ടുവരാൻ ഒരു വിഭാഗം വിശ്വാസികൾ തീരുമാനിച്ചിട്ടുണ്ട്. ഫാ. അജിയെ വിമർശിച്ച് വൈദികന്റെ പേരിൽ ഇറക്കിയ കുറിപ്പ് താഴെ –
ഈശോമിശിഹയ്ക്ക് സ്തുതി.
“Indian Priest quits ministry to Clean up Church” & “ശുദ്ധീകരണം അനിവാര്യം ” എന്നൊക്കെ ഉള്ള തലക്കെട്ടിൽ, താമരശ്ശേരി രൂപത വൈദികന്റെ ചില വാർത്തകൾ കാണുന്നു. രാഷ്ട്രീയപാർട്ടികളിൽ പോലും ഉള്ള, പ്രവർത്തന ശൈലിയാണ് ;അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയുക. പാർട്ടിയുടെ നന്മ ആഗ്രഹിക്കുന്നവർ പാർട്ടിക്ക് ഉള്ളിൽ പറയും. എന്നാൽ രാഷ്ട്രീയപാർട്ടി വിട്ട്പോകുന്നവർ അവരെ അവരാക്കിയ രാഷ്ട്രീയ പ്രസ്ഥാനത്തെ എല്ലാവിധത്തിലും ഇകഴ്ത്തി സംസാരിക്കും. ഇവിടെയും ഇതൊക്കെയാണോ സംഭവിക്കുന്നത്. ഇതാണോ പ്രവാചകദൗത്യം. ഞാനും ഒരു രൂപത വൈദികനാണ് .തുറന്ന മനസ്സോടെ രൂപതയോഗങ്ങളിൽ എക്കാലത്തും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ ഒരു തരത്തിലുള്ള സ്നേഹക്കുറവും എതിർപ്പും മേലാധികാരികൾ എന്നോട് കാണിച്ചിട്ടില്ല.പിന്നെ എന്തുകൊണ്ട് സഭയ്ക്കുള്ളിൽ നിന്ന് പറയാത്തത്.
” സൈബറിടത്തിൽ പരസ്പരം പോരടിക്കുന്ന സഭ ” എന്ന് പറഞ്ഞിട്ട് , അങ്ങ് ഇപ്പോൾ എന്താണ് ചെയ്യുന്നത്.
അച്ചൻ അല്ലേ വാസ്തവിൽ സൈബറിടത്തിൽ പോരാടുന്നത്.
അച്ചൻ പറഞ്ഞ ഇത്തരം “സൈബറിടം ” പ്രവൃത്തി ക്രിസ്തു മാർഗ്ഗം മുറുകെപിടിക്കുന്ന മാതൃകവ്യക്തിയ്ക്ക് ചേർന്നതാണോ? ഈ സൈബർ എഴുത്തുകൾ നമ്മുടെ ഗ്രൂപ്പിൽ മാത്രം അല്ലല്ലോ കാണുന്നത്. അതുകൊണ്ടാണ് ഈ ചോദ്യം. ഉള്ളിൽ വന്ന് പറയൂ. പുറംലോകത്ത് പറച്ചിൽഉദ്ദേശ്യം എന്ത്? ലക്ഷ്യം രൂപതയെ നാറ്റിക്കലാണ് ? ഇതിനോട് ഉള്ള വിയോജിപ്പ് വ്യക്തമാക്കുന്നു. അച്ചാ, ഈശോ പറഞ്ഞില്ല തിന്മയെ തിന്മ കൊണ്ട് നേരിടരുത്. അച്ചന് അഭിപ്രായവും പരാതിയും പറയാൻ സഭയുടെ വാതിലുകൾ തുറന്ന കിടപ്പുണ്ടെല്ലോ. ചിലർ രാഷ്ട്രീയപാർട്ടികൾ വിട്ട് പോകുമ്പോൾ പദവിയും സ്ഥാനവും നൽകിയ പാർട്ടിയെ – അവരെ അവരാക്കിയ പാർട്ടിയെ- തള്ളിപറഞ്ഞ് , അക്ഷേപിക്കുന്ന ശൈലി അച്ചന് ചേർന്നതാണോ?’
അച്ചന്റെ എഴുത്തുകൾ കുറച്ച് സഭാശത്രുക്കൾ ആഘോഷിക്കും, തീർച്ച. അതാണോ അച്ചന്റെ ലക്ഷ്യം? സംശയം തോന്നിയത് കൊണ്ട് ചോദിക്കുന്നതാണ്.
സഭയുടെ തികച്ചും സാധാരണക്കാരയായ വിശ്വാസികൾക്ക് ഉതപ്പ് കൊടുക്കരുത്. നമ്മുടെ രൂപതയിലെ നല്ല ശതമാനം ഇടവകകളും അനുദിന ചിലവിന് ബുദ്ധിമുട്ടുന്നുണ്ട്. അങ്ങനെ ഉള്ള ഇടവകയിൽ അച്ചൻ സേവനം ചെയ്യ്തിട്ട് ഇല്ലെന്നാ ഞാൻ വിചാരിക്കുന്നത്. നൂറാംതോട് വികാരി സ്ഥാനം സ്ഥീകരിച്ചിരുന്നെങ്കിൽ ഇടത്തരം ഇടവകകളിലെ സാധാരണക്കാന്റെ വിഷമം അച്ചന് മനസ്സിലാക്കാൻ കഴിഞ്ഞേനെ!!
അച്ചനെ ക്കുറിച്ച് സന്യസ്തർ , ഒരു പാട് വൈദികർ ദുഃഖിതരാണ്.
സഭയിലെ വിശുദ്ധരായ അവർ പ്രാർത്ഥിക്കുന്നുണ്ട്. ദരിദ്രനായ അച്ചന് ക്രിസ്തുവിന്റെ സമ്പന്നതയാണ് ബലം.
ശരിക്കും ദരിദ്രനായ വ്യക്തിക്ക് ക്രിസ്തുവിന്റെ ഭാരിദ്രം തന്നെ അല്ലേ ബലം ആവേണ്ടത്. അകുലത വ്യക്തമാണ്.
തീർച്ചയായും ഈശോ പരിപാലിക്കും.
അച്ചാ, ആരാധനക്രമത്തെ കുറിച്ച് പ്രത്യേകിച്ച് വി.കുർബ്ബാനയെ കുറിച്ച് ഉള്ള പരാമർശം വേദനകരമാണ്.അതായത് “മനുഷ്യൻ കണ്ടുപിടിച്ച ആരാധനക്രമ നിയമങ്ങൾ” എന്ന് പ്രസ്താവന പിൻവലിക്കണം. ഇതൊരു അഭ്യർത്ഥനയാണ്. ഈ പരാമർശം സഭയുടെ കേന്ദ്രവും അത്യുച്ചകോടിയും ആയ വി.കുർബ്ബാനയെ കുറിച്ചാണ്. വി. കുർബ്ബാന മേഖലയിൽ ചില വിയോജിപ്പുകളുണ്ട് . അത് വി. പൗലോസ് ശ്ലീഹായും രേഖപ്പെടുത്തുന്നുണ്ട്. നോക്കൂ 1കോറി 11/17 ” ഇനി പറയുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല. .. .. … V18 നിങ്ങളുടെയിടയിൽ ഭിന്നിപ്പുകളുണ്ടെന്ന് ഞാൻ കേൾക്കുന്നു. …. … … നിങ്ങളിലെ യോഗ്യരെ തിരിച്ചറിയാൻ ദിന്നിപ്പുകൾ ഉണ്ടാകേണ്ടതും ആവശ്യമാണ്. എന്നാൽ വി.കുർബ്ബാനയുടെ ശ്രേഷ്ഠത ശ്ലീഹായ്ക്ക് ബോധ്യം ഉണ്ട്. 1 കൊറി 11/23 ൽ കൃത്യതയോടെ ശ്ലീഹാ പറയുന്നു – ” കർത്താവിൽ നിന്ന് എനിക്ക് ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേല്പ്പിച്ചുതുമായ കാര്യം ഇതാണ്”. ലിറ്റർജി പ്രത്യേകിച്ച് വി. കുർബ്ബാന മനുഷ്യനിർമ്മിതമല്ല എന്ന് സത്യം, ചില വിയോജിപ്പുകൾ ഉള്ളപ്പോഴും പൗലോസ് ശ്ലീഹാ മുറുകെ പിടിച്ചു.സഭയുടെ ഏറ്റവും വലിയ ആരാധനയായ വി. കുർബ്ബാനയെ ” മനുഷ്യൻ കണ്ടു പിടിച്ച ” എന്ന രീതിയിൽ ചീത്രീകരിക്കുമ്പോൾ സാധാരണക്കാരിൽ ഉള്ളവാക്കുന്ന വേദന അച്ചൻ മറക്കരുത്.
നമ്മെ സംബന്ധിച്ച് മാർഗ്ഗവും ലക്ഷ്യവും ഒരുപ്പോലെ ഉത്തമം ആയിരിക്കണം.അച്ചന്റെ ഒരു കത്തിലെ ഉപസംഹരവാക്കുകൾ കണ്ടു. ” കുരിശിന്റെ വഴിയാണിത് , അപകടം പിടിച്ച വഴിയാണിത്.” കുരിശിന്റെ വഴി അപകടം പിടിച്ചതല്ല. മറിച്ച് അതാണ് രക്ഷയുടെ വഴി. 1 കൊറി 1/18 നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ …. ദോഷത്തമാണ്. രക്ഷയിലുടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ.
മലയോരജനതയുടെ കുടിയേറ്റ നൊമ്പരങ്ങളിൽ, അവരുടെ ഊജ്ജം മക്കളായിരുന്നു. മക്കളെ കുറിച്ചുള്ള ചിന്ത, എല്ലാ കഷ്ടപ്പാടും സഹിക്കാൻ അവരെ പ്രേരിപ്പിച്ചു. അവർ ആഗ്രഹിച്ചു, മക്കൾ ഈശോയെ അറിയണം. അതിനായ് പള്ളികൾ പണിതു. പിടിയരി, ദശാംശം , പൊതുപ്പണി, വീതപ്പിരിവ് etc. ആയിരുന്നു ധനാഗമനമാർഗ്ഗം. അതുപോലെ മക്കൾ പഠിക്കണം എന്ന ചിന്ത അവർക്ക് ഉണ്ടായിരുന്നു. മക്കൾ പഠിക്കുക, എന്നുവെച്ചാൽ മക്കളെ ധാർമ്മികതയും സംസ്കാരവും മൂല്യബോധവും സ്വഭാവരൂപീകരണവും ഉള്ളവർ ആക്കുക. അതിന് മലമടക്കുകളിൽ School കൾ പണിതു. കഷ്ടപ്പെട്ട് അധികാരികളെ സമീപിച്ച് School കൾക്ക് സർക്കാർ അനുവാദം മേടിച്ചു. ചിലർ സ്ഥലം ദാനം ചെയ്തു. പള്ളികൾ പണിത രീതിയിൽ തന്നെ പിടിയരി, പൊതുപ്പണി, വീതപ്പിരിവ്, ദശാംശം എന്നീവയിലൂടെ Schoolകളും പണിതു. ആരിൽ നിന്നും പിടിച്ച് പറിച്ചിട്ടില്ല. ദാനമായി സഭമക്കൾ തന്നു. ധാരാളം പേർക്ക് School ൽ സർക്കാർ ശമ്പളം കിട്ടുന്നു ജോലികൾ കിട്ടി,മാത്രമല്ല എല്ലാ വിഭാഗത്തിലും പ്പെട്ടവർക്ക് ജാതിമതദേദ്യമെന്യ പഠിക്കാൻ അവസരം ലഭിച്ചു. അര മുറുക്കി ഉടുത്ത്, പൂർവ്വികർ , അന്ന് പങ്ക് വെച്ചിട്ട് തന്നെയാ പള്ളിയും പള്ളിക്കുടവും നിർമ്മിച്ചത്. ഇന്ന് പള്ളിയും Schoolകളും പുതുക്കി പണിയണം. മാത്രമല്ല വിപുലമായ സങ്കേതിക സൗകര്യങ്ങൾ ഒരുക്കണം.അതിന് ജോലിഉള്ളവരും, ജോലിയിൽ കയറി ജീവിതം സുരക്ഷിതം ആക്കുന്നവരും, കർഷകരും , ഈ കാലഘട്ടത്തിന് ചേർന്ന രീതിയിൽ സംഭാവനകളും ദാനധർമ്മങ്ങളും ചെയ്യും.വിശ്വാസികളായ ജോലിക്കാർ ബൈബിൾ അനുസരിച്ച് ജീവിക്കാൻ തത്പര്യപ്പെടുന്നവരാണ്. അവർ ജോലിയിലുടെ തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ദശാംശം സ്വമനസ്സാൽ കൊടുക്കും. ഈ സഹകരണത്തെ തിന്മയായി ചിത്രീകരിക്കുന്നത്, സഭയോടെ ഉള്ള തികഞ്ഞ ശത്രുത തന്നെയാണ്. കുടിയേറ്റ കാലഘട്ടത്തിലും പള്ളിപ്പണിക്കും , പള്ളിക്കുടം പണിക്കും, പിടിയരി കൊടുക്കാൻ മടിച്ചവർ ഉണ്ടാവും. മറ്റുള്ളവർ കൊടുക്കുമ്പോൾ തങ്ങൾ കൊടുക്കാതെ ഇരുന്നാൽ മോശമല്ലേ എന്ന് ചിന്തിച്ച് കൊടുത്തവരും ഉണ്ടാവും. ( പള്ളിയും പള്ളിക്കുടവും പണിഞ്ഞവർക്ക് അതിന്റെ കഷ്ടപ്പാട് അറിയൂ) എന്റെ അനുഭവത്തിൽ ഈ കാലഘട്ടത്തിലും ഒരു വീട്ടിലും ചെല്ലാതെ, ഒരു തരത്തിലും ആരേയും നിർബന്ധിക്കാതെ പള്ളി നിർമ്മാണത്തിനും സ്കൂൾ നിർമ്മാണത്തിനും സംഭാവന നൽകുന്ന നല്ലവരായ ക്രിസ്തു ശിഷ്യർ ഉള്ള രൂപതയാണ് താമരശ്ശേരി രൂപത.സുവിശേഷ ബോധ്യം ഇല്ലാതെ കൊടുത്തവർക്ക് കണ്ണീർ വറ്റുകയില്ല.’ എന്നാൽ ഈകാലഘട്ടത്തിലും നല്ല മനസ്സോടെ ദശാംശമോ, ദാനധർമ്മമോ, സംഭാവനയോ കൊടുക്കുന്നവരുടെ ത്യാഗമാണ് സഭയുടെ സ്ഥാപനങ്ങൾ. അധികം കിട്ടിയവൻ അധികം കൊടുക്കണം. നമ്മുടെ ഒരു സ്ഥാപനവും നമുക്ക് വേണ്ടി മാത്രമല്ല. അത് എല്ലാവർക്കും ഉള്ളതാണ്. അത് അക്ഷരവെളിച്ചമാണ്. ഒത്തിരി പേർക്ക് അത് ചോറ് ആണ്. ചോറ് ഉണ്ണുന്നവൻ ഉണ്ടെചോറുന്ന് നന്ദി കാണിക്കണം.
ഇന്ന് താമശ്ശേരി രൂപതയിലെ എല്ലാ Schoolകളും നൂറ് ശതമാനം വിജയം നേടിയിരിക്കുന്നു. നമുക്ക് അഭിമാനിക്കാം. വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ. അതിനാൽ ഈ അക്ഷരവിളക്കുകൾ കത്തി പ്രകാശിക്കട്ടെ! ഊതി കെടുത്താനുള്ള ശ്രമം വെറും വ്യാമോഹം മാത്രം.
Jn 17/19 ഈശോ പറഞ്ഞു. “അവരും സത്യത്താൽ വിശുദ്ധികരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.”
സ്വയം വിശുദ്ധീകരണം ആണ് , സഭ വിശുദ്ധീകരണ മാർഗ്ഗം എന്ന് ഈശോ പഠിപ്പിക്കുന്നു. വിശുദ്ധീകരണ മാർഗ്ഗങ്ങൾ ശുദ്ധമായിരിക്കട്ടെ! ഈശോയിൽ സ്നേഹപൂർവ്വം.