കോഴിക്കോട് : ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ ഇന്ത്യ റാലി കോഴിക്കോട് നഗരത്തെ ജനസാഗരമാക്കി. മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യമുയർത്തി ഒരു വർഷത്തിലധികമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പയിന്റെ ഭാഗമായ റാലി വഹാബ് വിഭാഗത്തിന്റെ ശക്തി പ്രകടനമായി മാറി. ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന ബഹുജന റാലി കലാ വാദ്യ മേളഘോഷങ്ങളോടെ മുതലക്കുളം മൈതാനിയിൽ നിന്ന് വൈകീട്ട് 4 മണിക്ക് ആരംഭിച്ചു. നഗരത്തെ നിശ്ചലമാക്കി കടന്നുപോയ റാലി കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പിസി കുരീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെപി ഇസ്മായിൽ അധ്യക്ഷനായിരുന്നു.
അഡ്വ പിടിഎ റഹീം എംഎൽഎ, സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി,എൽഡിഎഫ് കോഴിക്കോട് ജില്ല കൺവീനർ മുക്കം മുഹമ്മദ്, അഡ്വ സഫറുള്ള, സലീം മടവൂർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സയ്യിദ് സ്വാലിഹ് ഷിഹാബ് തങ്ങൾ, സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, എൻ അലി അബ്ദുള്ള(ഓർഫനെജ് കണ്ട്രോൾ ബോർഡ് ചെയർമാൻ ), മുക്കം ഉമർ ഫൈസി(സെക്രട്ടറി സമസ്ത മുശാവറ),തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), ഫാദർ ഡോ.മാത്യൂസ് വഴക്കുന്നം, ബഷീർ അഹമ്മദ് (പ്രസിഡന്റ് ഐഎൻഎൽ തമിഴ്നാട്),ഷബീർ ഖാദിരി (പ്രസിഡന്റ് ഗുജറാത്ത് ഐഎൻഎൽ), മനോജ് സി നായർ, എഎം അബ്ദുള്ളക്കുട്ടി, സത്താർ കുന്നിൽ, ഒപിഐ കോയ, ഒപി റഷീദ്, സനൽകുമാർ കാട്ടായിക്കോണം ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ദേവർകോവിൽ വിഭാഗം കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. റാലിക്കെതിരെ പോലീസിലും ഡിടിപിസിയിലും സമാനമായ പരാതികൾ ഉയർന്നിരുന്നു. മന്ത്രി വിഭാഗത്തിന്റെ നിരന്തരമായ വേട്ടയാടലുകൾക്കെതിരെ മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കൾക്കും പരാതി നൽകുമെന്ന് വഹാബ് വിഭാഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെപി ഇസ്മായിൽ അറിയിച്ചു.