കോഴിക്കോട് : ഹോട്ടലുടമ സിദ്ധിഖിന്റെ കൊ ലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫർഹാനയും സിദ്ദിഖും തമ്മിൽ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാനാണ് ഫർഹാന ബാഗിൽ ചുറ്റിക കരുതിയിരുന്നത്. ഷിബിലി കത്തി കരുതിയിരുന്നതും ഇതിനായിരുന്നു. സിദ്ദിഖിനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുക്കുകയായിരുന്നു. തുടർന്ന് സുദ്ദിഖിനെ ആഷിക് ചവിട്ടി വീഴ്ത്തി. ഫർഹാന നൽകിയ ചുറ്റിക കൊണ്ടാണ് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുന്നത്.
ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ വെളിപെടുത്തി. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഉമ്മ പറഞ്ഞു. ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് എരഞ്ഞിപ്പലത്തെ മലബാർ ഹോസ്പിറ്റലിനടുത്ത ഡി കാസ ഹേട്ടലിലാണ്. , ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ഇന്നലെ രാത്രി ചെന്നൈയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്. പ്രതികളെ കേരളത്തിൽ എത്തിക്കും.