KERALAlocaltop news

കന്യാസ്ത്രീകൾ ബിഷപ്സ് ഹൗസുകളിലെ അടുക്കളക്കാരികളല്ല; അവർക്ക് തുല്യ നീതി ഉറപ്പാക്കണം – ഫാ. അജി പുതിയാപറമ്പിൽ

കോഴിക്കോട് : കന്യാസ്ത്രീകൾ ബിഷപ്സ് ഹൗസുകളിലെ അടുക്കളക്കാരികളലെന്നും അവർക്ക് തുല്യ നീതി ഉറപ്പാക്കണമെന്നും- ഫാ. അജി പുതിയാപറമ്പിൽ . താമരശേരി രൂപതയിലെ ശുശ്രൂഷ ദൗത്യം ഉപേക്ഷിക്കുകയും പ്രവാചക ദൗത്യം ഏറ്റെടുക്കുകയും ചെയ്യുക വഴി സീറോ മലബാർ സഭയിലെ പുഴുക്കുത്തുകൾക്കതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന ഫാ. അജിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പുതിയ വിമർശം.                                                 പോസ്റ്റ് ഇങ്ങനെ –

*ചായ എടുത്തു കൊടുക്കുന്ന സിസ്റ്റർമാർ*

ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും സിസ്റ്റർമാരുണ്ട്. യുദ്ധഭൂമിയിലും ദുരന്തമുഖത്തും കാവൽ മാലാഖമാരായി അവരുണ്ട്. കൂടാതെ വാധ്യാരായി, വൈദ്യരായി, വക്കീലായി, നേഴ്സായി, കൗൺസിലറായി, കൃഷിക്കാരിയായി , നെയ്ത്തുകാരിയായി , പാചകക്കാരിയായി , ഭരണാധികാരിയായി എന്നു വേണ്ട എല്ലാ മേഖലയിലും അവരുണ്ട്.

ആരോരുമില്ലാത്ത
അപ്പൻമാർക്കും അമ്മമാർക്കും അത്താണിയായി അവരുണ്ട്. ചിലപ്പോൾ അവർ അവരുടെ മുടി വെട്ടുകയും താടി വടിച്ചു കൊടുക്കുകയും ചെയ്യുന്ന ശൗരക്കാരായി മാറും. മറ്റു ചിലപ്പോൾ അവർക്കു ഭക്ഷണം വാരിക്കൊടുക്കുന്ന മക്കളായി രൂപാന്തരപ്പെടും

മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അവർ അമ്മയും അധ്യാപികയും സഹോദരിയുമൊക്കെയാണ്. ഇനിയും ഇങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ .
ഇന്ന് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ മുഖം ഏറ്റവും തെളിമയോടെ ലോകത്തിന് മുമ്പിൽ വരച്ചു കാണിക്കുന്നത് ഇവരാണ്.

എന്നാൽ
ചിലപ്പോൾ ഇവരെ ചായ എടുത്തു കൊടുക്കുന്നവരായും പാത്രം കഴുകുന്നവരായും കാണാൻ സാധിക്കും. ചില രൂപതാ കേന്ദ്രങ്ങളിലെയും സഭാ ആസ്ഥാനങ്ങളിലെയും ഊട്ടുമുറികളിലും പാചകപ്പുരകളിലും ആണ് ഇവരെ അങ്ങനെ കാണാൻ സാധിക്കുന്നത്. താരതമ്യേന കഠിനവും ബുദ്ധിമുട്ടേറിയതുമായ ഈ ജോലിക്ക് എന്തുകൊണ്ടാണ് സിസ്റ്റർമാരെ തന്നെ നിയോഗിക്കുന്നത് എന്നതിന് എത്ര ആലോചിച്ചിട്ടും ഒരു യുക്തിയും കാണുന്നില്ല. ഇത് ഇനിയും വിട്ടു പോകാത്ത പുരുഷ മേധാവിത്വത്തിന്റെ ബാക്കിപത്രമാണ് എന്നു കരുതാനേ തരമുള്ളൂ. അതോടൊപ്പം തന്നെ
ലിംഗസമത്വത്തിന് (Gender Equality) എതിരേയുള്ള വെല്ലുവിളിയായും. സ്ത്രീ പുരുഷ സമത്വ കഴ്ചപ്പാടിൽ കേരളവും ലോകവും ഏറെ മുന്നോട്ടു പോയി. എന്നിട്ടും വൈദികരെപ്പോലെ തന്നെ ഒരു ജീവിതം മുഴുവൻ സമർപ്പിച്ച
സന്യാസിനിമാരെ തുല്യരായി കാണുന്നതിൽ നമ്മൾ പരാജയപ്പെട്ടുപോയി. ദയനീയമായി പരാജയപ്പെട്ടു പോയി.

ഇത്രയും കാലം ഈ ജോലിക്ക് സിസ്റ്റേഴ്സിന് പകരം ബ്രദേഴ്സിനെയോ, വൈദികരെയോ നിയോഗിക്കുന്നതിനെപ്പറ്റി നാം ചിന്തിച്ചിട്ടു പോലുമില്ല. ബ്രദേഴ്സിനോ വൈദികർക്കോ സാധിക്കാത്ത ഒരു കാര്യം നോ (No) പറയില്ല എന്ന കാരണത്താൽ സിസ്റ്റേഴ്സിനെക്കൊണ്ട് ചെയ്യിക്കുന്നതിൽ തികഞ്ഞ അനീതിയുണ്ട്.

ഇന്ന് ഇക്കാര്യങ്ങൾ പ്രൊഫഷണലായി പഠിച്ച അനേകം ചെറുപ്പക്കാരുണ്ട്. മാന്യമായ ശമ്പളം നല്കി അവരെ നിയമിക്കാവുന്നതാണ്. സിസ്റ്റർമാരെ വെറുതെ വിടുക. അവർ ക്രിസ്തുവിനെ ശുശൂഷിക്കട്ടെ.

സിസ്റ്റർമാരുടെ നീതിക്കു വേണ്ടി അവർ ഇതുവരെയും സംസാരിച്ചിട്ടില്ല. ഇനി അവർ സംസാരിക്കുമെന്നും കരുതാനാവില്ല. പക്ഷെ അത് അനീതി തുടരുന്നതിന് കാരണമാകരുത്. സത്വര നടപടികൾ അത്യാവശ്യമാണ്.

ഫാ. അജി പുതിയാപറമ്പിൽ

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close