കെ. ഷിന്റുലാല്‍
കോഴിക്കോട് : ഫ്ളാറ്റ് കൈവശപ്പെടുത്താനായി പോലീസില്‍ ആഭ്യന്തരകലഹം ! കോഴിക്കോട് സിറ്റി പോലീസിലാണ്
ഉന്നത ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും വരെ ഉള്‍പ്പെടുത്തി ഫ്ളാറ്റ് സ്വന്തമാക്കാന്‍ പോലീസുകാര്‍ക്കിടയില്‍
പോരാട്ടം നടക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് രണ്ടു കിടപ്പുമുറികളുള്ള ഫ്ളാറ്റ് ഏറെ സൗകര്യപ്രദമാണ്. അതുകൊണ്ട് തന്നെ നൂറിലധികം അപേക്ഷകരാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഫ്ളാറ്റിനായി അപേക്ഷ നല്കി കാത്തിരിക്കുന്നത്. 2020 -ല്‍ ക്വാര്‍ട്ടേഴ്സ് വിതരണം ചെയ്യുമ്പോള്‍ അപേക്ഷ നല്കിയ തീയതി പ്രകാരം സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി കൃത്യമായ ക്രമത്തില്‍ നല്കിയതിനാല് അന്ന് ക്രമക്കേടുകളോ വിവാദങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കംപാഷനേറ്റ് ഗ്രൗണ്ടില്‍ പ്രത്യേകം പരിഗണനയില്‍ ചില പോലീസുകാര്‍ക്ക് സീനിയോറിറ്റി ലിസ്റ്റ് മറികടന്ന് ക്വാര്‍ട്ടഴ്സ് അനുവദിച്ചു തുടങ്ങി. ഇതോടെ ചിന്താവളപ്പിലെ ഫ്ളാറ്റിനായി ‘സ്വാധീന ശക്തികള്‍’ സമ്മര്‍ദ്ധവും ഉപയോഗിക്കാന്‍ തുടങ്ങി. ക്വാര്‍ട്ടഴ്സ് അനുവദിച്ചു കിട്ടിയവരില്‍ ചിലര്‍ സ്വന്തമായി ഉപയോഗിക്കാതെ അത്യാവശ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന രീതിവരെ ഇപ്പോള്‍ തുടരുന്നുണ്ട്. കൂടാതെ ആവശ്യമില്ലാതെ ക്വാര്‍ട്ടഴ്സ് എടുത്തിട്ട് ഉപയോഗിക്കാതെ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നവരും സേനയുടെ ഭാഗമായുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ക്വാര്‍ട്ടഴ്സ് അനുവദിക്കുന്നതിലെ അനധികൃതമായ ഇടപെടലുകളും വാടക ഇടപാടുകളും ഒഴിവാക്കുന്നതിന് യാതൊരുവിധ അന്വേഷണമോ നടപടികളോ ഉണ്ടാവുന്നില്ല. ഇതുകാരണം 2018 മുതല്‍ അപേക്ഷ നല്കിയവര് ക്വാര്‍ട്ടേഴ്സിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.
48 ക്വാര്‍ട്ടറുകളാണ് 2021 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ചിന്താവളപ്പ് പോലീസ് ക്വാര്‍ട്ടഴ്സ് സമുച്ചയത്തില്‍ ഉള്ളത്. ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടഴ്സ് ആയിരുന്നിട്ടും അതില്‍ 12 ക്വാര്ട്ടറുകള് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി മാറ്റിവെച്ചതും അര്‍ഹതപ്പെട്ടവര്‍ക്ക് ക്വാര്‍ട്ടഴ്സ് ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് പോലീസിനുള്ളിലെ അഭിപ്രായം. മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരും അനധികൃതമായി പോലീസ് ക്വാര്ട്ടഴ്സുകള് കൈവശം വയ്ക്കുന്നുണ്ട്.