കോഴിക്കോട് :വില്പനക്കായി വീട്ടിൽ സൂക്ഷിച്ച എംഡി എം എ യുമായി പയ്യാനക്കൽ സ്വദേശിയെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി.ഇപ്പോൾ പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാക്കൽ പട്ടാർ തൊടിയിൽ സർജാസ് (38 വയസ്സ്) ആണ് 13.730 ഗ്രാം അതിമാരക രാസലഹരിയായ എംഡിഎംഎയുമായി പോലീസ് പിടിയിലായത്.
സ്കൂൾ കോളേജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ജില്ല പോലീസ് ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്
സർജാസ് പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസം ഇയാൾ ലഹരിമരുന്ന് വാങ്ങാൻ പോയതായി വിവരം ലഭിക്കുകയും സർജാസ് താമസിക്കുന്ന വീട്ടിൽ രഹസ്യമായി സൂക്ഷിച്ചു വെച്ച എംഡിഎംഎ പോലീസ് കണ്ടെടുക്കുകയുമായിരുന്നു.
ലഹരിക്ക് അടിമയായ ഇയാൾ വീട്ടിൽ അക്രമകാരിയായിരുന്നു.ആദ്യമാദ്യം ലഹരിഉപയോഗം മാത്രം ഉണ്ടായിരുന്ന ഇയാൾ ലഹരിഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക്തിരിയുന്നത്.പ്രദേശത്ത് നിരന്തരം മറ്റു ഭാഗത്തുള്ളവർ വന്നു പോകുന്നതായും,പ്രദേശവാസികൾക്ക് ശല്യമാവാൻ തുടങ്ങുകയും ചെയ്തതിൽ പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു.
ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് വലിയ അളവിൽ എംഡിഎംഎ നൽകുന്നവരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും പലരും നിരീക്ഷണത്തിലാണെന്നും പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ ശംഭുനാഥ് പറഞ്ഞു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം,പന്നിയങ്കര പോലീസ് സബ്ബ് ഇൻസ്പെക്ടർ കിരൺശശിധരൻ, എ എസ് ഐ ബിജു,SCPO ബിജു,WCPO ഫുജറഎന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.