KERALAlocaltop news

കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സിബിൽ റേറ്റിംഗ് സമ്പ്രദായത്തിൽ കാതലായ മാറ്റം വരുത്തണം – കർഷക കോൺഗ്രസ്സ്

കോഴിക്കോട് :

അശാസ്ത്രീയമായ സിബിൽ റേറ്റിംഗ് സമ്പ്രദായം ശാസ്ത്രീയമായി മാറ്റിയെഴുതി,ബാങ്കിംഗ് സേവനങ്ങൾ കർഷക സൗഹൃദമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

ശമ്പളം, പെൻഷൻ എന്നിവ കൊടുക്കാൻ കഴിയാതെ പാപ്പരായ സംസ്ഥാന സർക്കാർ കൃഷിക്കാരിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ച് പണം കൊടുക്കുന്നതിനു പകരം, ബാങ്കുകളിൽ നിന്നും വാങ്ങിക്കോളാൻ പറയുകയും ബാങ്കിൽ തുക അടയ്ക്കാൻ ബാധ്യതപ്പെട്ട സർക്കാർ പണം അടയ്ക്കാതെ,കർഷകരെ കുടിശ്ശികക്കാരാക്കുകയും ചെയ്യുകയാണ്.

കർഷകർ ഈടുവെച്ച രേഖകൾ തിരിച്ചു കൊടുക്കുന്നില്ല.
അവരുടെ സിബിൽ റേറ്റിംഗ് കുറയുന്നു. മറ്റുള്ള ബാങ്കുകൾ അവർക്ക് ലോൺ നിരസിക്കുന്നു.

വന്യമൃഗ ശല്യത്താലും കാലാവസ്ഥാ വ്യതിയാനം കൊണ്ടും കൃഷി നശിക്കുന്ന കർഷകർക്ക് വായ്പ്പകൾ തിരിച്ചടക്കാൻ കഴിയുന്നില്ല. അതുമൂലം സിബിൽ സ്കോർ കുറയുന്നു. കടം വാങ്ങി വായ്പ്പ തിരിച്ചടച്ചാലും സിബിൽ സ്കോറിന്റെ പേര് പറഞ്ഞ് ബാങ്ക്, വായ്പ്പ പുതുക്കി കൊടുക്കുന്നില്ല. അവർക്ക് മറ്റേതെങ്കിലും ബാങ്കിൽ നിന്ന് ലോൺ ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നു. മറ്റൊരാളുടെ ലോണിന് ജാമ്യം നിന്ന് കുടിശ്ശിക ആകുമ്പോൾ, നിരന്തരം സമ്മർദ്ദം ചെലുത്തി ലോൺതുക തിരിച്ചടപ്പിച്ചാലും ജാമ്യം നിന്ന വകയിൽ സിബിൽ സ്കോർ താണു പോയ ജാമ്യക്കാരന് ഒരു ബാങ്കിൽ നിന്നും ലോൺ അനുവദിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത്തരം
കർഷകർ മക്കൾക്ക് വിദ്യാഭ്യാസ ലോൺ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
സ്വർണ്ണ പണയ വായ്പയിൽ തിരിച്ചടവ് കാലതാമസം വരുമ്പോഴും സിബിൽ സ്കോർ കുറയുന്നു.

ചുരുക്കി പറഞ്ഞാൽ ലോണടുത്ത കർഷകന് കൃഷിനാശം സംഭവിച്ചതിന്റെ പേരിൽ തിരിച്ചടവ് മുടങ്ങുന്നു. പിന്നീട് കർഷകൻ തന്റെ കയ്യിലുള്ള വസ്തു വിറ്റ് ലോൺ അടച്ചു തീർക്കുന്നതോടെ കർഷകന്റെ പ്രശ്നം തീരുന്നില്ല. മുൻ ലോൺ അടവ് തെറ്റിയ കാരണം പുതിയ ഒരു ലോൺ അനുവദിക്കാനാവശ്യമായ സിബിൽ സ്കോർ ആ കർഷന് ഇല്ലെന്ന കാരണം കൊണ്ട് അവന്റെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടുന്നു.

ആത്മഹത്യാ കുടുക്കിൽ പെട്ട് ഉഴലുന്ന കർഷകർ അടങ്ങുന്ന പാവം ജനങ്ങളെ സിബിൽ എന്ന ഊരാകുടുക്കിൽ നിന്ന് രക്ഷിക്കാൻ സിബിൽ നിയമം മാറ്റി എഴുതണമെന്ന് അഡ്വ:ബിജു കണ്ണന്തറ സർക്കാരുകളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close