കോഴിക്കോട് : വാടക ടയർ ഉപയോഗിച്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെ
ന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
വാടക ടയർ ഇട്ട് ബസോടിക്കാൻ മുതലാളിമാർ നിർബന്ധിക്കുന്നു എന്നാണ് ബസ് ജീവനക്കാരുടെ പരാതി. ആറ് ടയറുകൾക്ക് 400 മുതൽ 600 രൂപയാണ് ദിവസ വാടക. ഉപയോഗശൂന്യമായ ടയറുകൾ കട്ട ചെയ്താണ് ഉപയോഗിക്കുന്നത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ബസ് ജീവനക്കാർ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ജൂൺ 27 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.