കോഴിക്കോട് :
ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ആദ്യം ആധാർ`സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ചെലവൂർ ജി എൽ പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങളിൽ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കടമ. സംസ്ഥാനത്ത് തന്നെ ഏറെ മാതൃകാപരമാണ് ജില്ലയിലെ ആദ്യം ആധാർ പ്രവർത്തനങ്ങളെന്നും ആധാർ ക്യാമ്പ് ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ.ഗീത ആദ്യം ആധാർ പദ്ധതി അവതരണം നടത്തി.
ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ് `ആദ്യം ആധാർ. ഘട്ടം ഘട്ടമായി വിവിധ സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യമാക്കി പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞമാണിത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. ജില്ലയിൽ 150 ഓളം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.വാർഡ് അടിസ്ഥാനപ്പെടുത്തി ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവർ നടത്തിയ വിവരശേഖരണ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ് ക്യാമ്പുകളിൽ മുൻഗണന.
ജനകീയ പങ്കാളിത്തത്തോടെ വാർഡ് കൗൺസിലർമാരുടെ അധ്യക്ഷതയിൽ രൂപീകരിച്ച ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റികളാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. ഐ.ടി. മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റൽ വകുപ്പ്, ഐ.പി.ബി.എസ്. എന്നിവരാണ് എൻറോൾമെന്റ് പ്രവർത്തികൾക്കുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഏകോപനം കലക്ടറേറ്റ് മിഷൻ റൂം കേന്ദ്രീകരിച്ച് ജില്ലാ കലക്ടറുടെ ഇന്റേൺസാണ് നിർവഹിക്കുന്നത്.
ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ജില്ലാ എംപവർമെന്റ് ഓഫീസർ നജില ഉബൈദുള്ള, ഐ.ടി. മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ അജീഷ എൻ.എസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ അഡ്വ. സിഎം ജംഷീർ സ്വാഗതവും പിടിഎ പ്രസിഡന്റ് എ ഗിരീഷ് നന്ദിയും പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ മാറ്റിവെച്ച കേന്ദ്രങ്ങളിൽ ക്യാമ്പുകൾ അടുത്ത ഘട്ടത്തിൽ നടക്കുമെന്ന് ജില്ലാ കലക്ടർ എ. ഗീത അറിയിച്ചു.