കെ.ഷിന്റുലാല്‍
കോഴിക്കോട്: പോലീസ് ജീപ്പില്‍ സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത് എഐ കാമറയില്‍ കുടുങ്ങിയാല്‍ പിഴയ്ക്ക് പുറമേ പോലീസുകാര്‍ക്കെതിരേ
അച്ചടക്ക നടപടി. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത ഉദ്യോഗസ്ഥര്‍ ആരോണോ അവര്‍ക്കെതിരേയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. യൂണിറ്റ് മേധാവിമാരും വാഹനങ്ങളുടെ ഇന്‍ ചാര്‍ജ്ജ് ഓഫീസര്‍മാരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും വാഹനങ്ങളുടെ ഡ്രൈവര്‍ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും വ്യക്തമാക്കി തൃശൂര്‍ റൂറല്‍ പോലീസ് മേധാവി അച്ചടക്ക
നടപടി സംബന്ധിച്ച് ഉത്തരവിറക്കി. മറ്റു ജില്ലകളിലും നിയമം ലംഘിക്കുന്ന പോലീസുകാര്‍ നടപടിക്ക് വിധേയരാവും.
നിയമപാലന ചുമതലയുള്ള അച്ചടക്ക സേനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ നിയമം പാലിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ പോലീസിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുമെന്നതിനാലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. പോലീസുകാരുടെ ഭാഗത്തു നിന്നുള്ള ഇത്തരം വീഴ്ചകള്‍ ഗുരുതര ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ റൂറലിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കുമായി പുറത്തിറക്കിയ ഉത്തരവിലുണ്ട്. എഐ കാമറ പ്രവര്‍ത്തനമാരംഭിച്ചതിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലേയും പോലീസ് മേധാവിമാര്‍ പോലീസ് ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലരും സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുന്നതില്‍ വീഴ്ച വരുത്താറുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ
ദൃശ്യങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പോലീസിനെതിരേയുള്ള ആയുധമായി മാറ്റുകയും ചെയ്യാറുണ്ട്. വിവാദം ഭയന്ന് പലരും ഇപ്പോള്‍ സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. തൃശൂര്‍ റൂറല്‍ യൂണിറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങളില്‍ ഡ്രൈവര്‍മാരും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച് ട്രാഫിക് നിയമലംഘനം നടത്തുന്നത് പതിവാണ്. ഇക്കാര്യം മോട്ടോര്‍വാഹന വകുപ്പിന്റെ കാമറയില്‍ റെക്കോര്‍ഡ് ചെയ്യുകയും നിരവധി നോട്ടീസുകാര്‍ സംസ്ഥാന പോലീസ് മേധാവി മുഖേന ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയത്.