KERALAlocaltop news

മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിക്ക് കോഴിക്കോട് നഗരസഭ

കോഴിക്കോട് :

കോഴിക്കോട്: നഗരത്തിൽ രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ  കർശന നടപടി ശക്തമാക്കാൻ മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. രാത്രികാല നൈറ്റ് സ്ക്വാഡ് പരിശോധന 10 മുതൽ രാവിലെ ആറ് വരെ നടത്തും. പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും  മാലിന്യം തള്ളാൻ സാധ്യതയുള്ളിടത്തെല്ലാം കാമറകൾ സ്ഥാപിക്കാനും നടപടിയെടുക്കും. സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എം.എൻ.പ്രവീണാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കേട്ടൂളി തണ്ണീർത്തടം മേഖലയിൽ ദിവസേനയെന്നോണം മാലിന്യം തള്ളുന്നതായി അദ്ദേഹം പറഞ്ഞു. നാട്ടുകാർ വാഹനം തടഞ്ഞ് കോർപറേഷൻ ഹെൽത് ഇൻസ്പെക്ടറെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. മാലിന്യം വലിയ വിലകൊടുത്ത് സംഭരിച്ച് നഗരത്തിൽ ഒഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്ന മാഫിയ തന്നെ പ്രവർത്തിക്കുന്നതായി വിവിധ കൗൺസിലർമാർ പറഞ്ഞു. മൊബൈൽ ഫോണുമായി പരിസരം നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ നിരീക്ഷിച്ച ശേഷമാണ് ഇവർ മാലിന്യം തള്ളുന്നത്. പിടികൂടാൻ റസിഡന്റ്സ് അസോസിയേഷനുകളും മറ്റും ഊഴമിട്ട് കാവൽ നിൽക്കുന്നു. പലപ്പോഴും തടയാനെത്തുന്നവരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ വരെ തുനിയുന്നു. കോർപറേഷൻ നടപടികൾക്കൊപ്പം പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പിഴ ശക്തമാക്കി മാലിന്യവുമായെത്തുന്ന വണ്ടികളെ വരുതിയിലാക്കാൻ നടപടിവേണമെന്നും സി.എം.ജംഷീർ, എം.സി.അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു. . കെ.സി.ശോഭിത, ഒ.സദാശിവൻ, ഡോ.കെ.അജിത, എൻ.ശിവ പ്രസാദ് തുടങ്ങി വിവിധ കൗൺസിലർമാർ വാർഡുകളിൽ മാലിന്യം തള്ളിയതിന്റെ വിവരങ്ങൾ പങ്ക് വച്ചു. മലാപ്പറമ്പ് പാച്ചാക്കിൽ ഭാഗത്താണ് കൂടുതൽ മാലിന്യം തള്ളുന്നതെന്നും മൂന്ന് വാഹനങ്ങൾ പിടികൂടി 10000 ത്തിലധികം പിഴ ഈടാക്കിയെന്നും ഹെൽത് വിഭാഗം കൗൺസിലിൽ അറിയിചു
ബീച്ച് ഫയർ സ്റ്റേഷൻ നിർമാണം പൂർത്തിയാവുന്നത് വരെ താത്ക്കാലിക സ്റ്റേഷൻ നഗര ഹൃദയത്തിൽ തന്നെ നില നിർത്താൻ കോർപറേഷൻ നടപടിയെടുക്കുമെന്ന് മേയറും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദും പറഞ്ഞു. വിവിധ വകുപ്പുകളുടെ സ്ഥലങ്ങൾ പരിശോധിച്ച് ജില്ല കലക്ടറടക്കമുള്ളവരുടെ സഹായം തേടി പെട്ടെന്ന് തീരമാനമുണ്ടാവും. എസ്.കെ. അബൂബക്കറാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. കോറണേഷൻ തിയേറ്ററിനടുത്ത് ആരോഗ്യ വകുപ്പിന്റെ 40 ഉം 50 ഉം സെന്റ് സ്ഥലമുണ്ടെന്നും കോട്ടപ്പറമ്പ് ആശുപത്രിക്കടുത്ത് 50 സെന്റ് സ്ഥലം വേറെയുണ്ടെന്നും ഇവിടേക്കൊക്കെ ഫയർ സ്റ്റേഷൻ തത്ക്കാലത്തേക്ക് മാറ്റാനാവുമെന്നും എസ്.കെ. അബൂബക്കർ പറഞ്ഞു. വെള്ളയിൽ ഹാർബറിനടുത്ത് ഫിഷറീസ് വകുപ്പ് സ്ഥലവും പരിഗണനയിലുണ്ടെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.

നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പണി പൂർത്തിയായ ടേക് എ റെസ്റ്റ് വിശ്രമ കേന്ദ്രങ്ങൾ വെറുതെ കിടക്കുന്നതിൽ അടിയന്തര നടപടിയെടുക്കാൻ കൗൺസിൽ തീരുമാനം. അഞ്ച് സ്ഥലത്ത് പണി തീർന്നിട്ടും വൈദ്യുതി, കുടിവെള്ള കണക്ഷൻ കിട്ടാത്തതിനാൽ വെറുതെ കിടക്കുന്ന കാര്യം എൻ.സി. മോയിൻ കുട്ടിയാണ് ശ്രദ്ധയിൽപെടുത്തിയത്. എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് പ്രശ്നം. കോർപറേഷന്റെ വൈദ്യുതി പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യറാക്കേണ്ടത് കലക്ടർ നിയമിച്ച ഉദ്യോഗസ്ഥനാണെങ്കിലും ഇദ്ദേഹം ജില്ലയിലെ മുഴുവൻ കാര്യങ്ങൾ നോക്കേണ്ടതിനാൽ സമയത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാനാവുന്നില്ല.

ആവിക്കൽ തോട് മലിന ജല സംസ്ക്കരണ പ്ലാന്റിനായി 39 കോടിയുടെയും കോതിയിലെ പ്ലാന്റിനായി 31 കോടിയുടെയും പുതുക്കിയ എസ്റ്റിമേറ്റ് കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. യു.ഡി.എഫിന്റെ വിയോജനക്കുറിപ്പോടെ വോട്ടിനിട്ടാണ് തീരുമാനം അംഗീകരിച്ചത്. ജനങ്ങൾ എതിർക്കുന്നതിനാൽ ബലം പ്രയോഗിച്ച് പദ്ധതി നടപ്പാക്കാനാവില്ലെന്ന് എസ്.കെ. അബൂബക്കർ, കെ.മൊയ്തീൻ കോയ, കെ.സി. ശോഭിത എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ കാര്യങ്ങൾ ചർച്ചചെയ്യാൻ പോലും മിനക്കെടാതെ നേരത്തേ തയ്യാറാക്കി കൊണ്ടു വരുന്ന വിയോജനക്കുറിപ്പ് കൊടുത്ത ശേഷം വികസന പ്രവൃത്തികളിൽ സഹകരിക്കാമെന്ന് വാദിക്കുന്ന യു.ഡി.എഫിന്റെ നിലപാട് പരിഹാസ്യമാണെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി. നേരത്തേ എടുത്ത തീരുമാന പ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റ് കൗൺസിൽ അംഗീകരിച്ചതോടെ സർക്കാർ അനുമതിക്കായി സമർപ്പിക്കും. നഗരത്തിൽ അലയുന്ന കന്നുകാലികളുടെ ശല്യത്തെപ്പറ്റി ടി.മുരളീധരൻ ശ്രദ്ധ ക്ഷണിച്ചു. എം.സി.സുധാമണി, പണ്ടാരത്തിൽ പ്രസീന, എം. ഗിരിജ എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close