വൈത്തിരി:വൈത്തിരി പഞ്ചായത്തിന് പ്രത്യേക ടൂറിസം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി യൂണിറ്റ് കമ്മിറ്റി ആവശ്യപെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്ര ജില്ലയിലൊന്നായ വയനാട്ടിലെ വൈത്തിരിയുടെ വളർച്ചയ്ക്ക് ഒരു സാമ്പത്തിക പക്കേജ് അത്യാവശ്യമാണ്. ലോക ഭൂപടത്തിൽ വൈത്തിരിയുടെ പേര് ഉയർന്നു നിൽക്കുന്ന ഈ സമയത്ത് , വൈത്തിരി ഗ്രാമപഞ്ചായത്തിനെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി ലോകോത്തര നിലാവരത്തിലേയ്ക്ക് ഉയർത്തി കൊണ്ട് വരണം. ഇവിടെത്തെ ടൂറിസത്തിന് വേണ്ട അടിസ്ഥാന കാര്യങ്ങൾ രാജ്യാന്തര നിലവാരമാക്കിക്കൊണ്ട് വിദേശത്ത് നിന്ന് വരുന്നതും നമ്മുടെ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനത്തിൽ നിന്നും വരുന്ന വിനോദ സഞ്ചാരികളെ തൃപ്തിപ്പെടുത്തി തിരിച്ചയക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. വൈത്തിരി ഗ്രാമപഞ്ചായത്ത് അടങ്ങുന്ന തൃതല പഞ്ചായത്തുകൾക്ക് അവരുടെ പരിമിതികൾ കാരണം ഇവിടെങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായ കാര്യങ്ങൾ ഒരുക്കാൻ കഴിയാതെ വരികയാണ്. അവർ കഴിയുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും എവിടെയും എത്താതെ പോകുകയുമാണ്. എൻ ഊര്, പൂക്കോട് തടാകം, ചുരം വ്യൂ പോയൻ്റ്, ചങ്ങല മരം തുടങ്ങിയ സംസ്ഥാനതലത്തിലെ അതിപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു പഞ്ചായത്തിൽ തന്നെ പ്രധാനപ്പെട്ട ഇത്രമാത്രം ടൂറിസം കേന്ദ്രങ്ങൾ ഉള്ളത് വൈത്തിരിയിൽ മാത്രമാണ്. ഒരോവർഷവും ലക്ഷക്കണക്കിൻ്റെ വർദ്ധനവാണ് സഞ്ചാരികളുടെ കാര്യത്തിൽ ഉണ്ടാവുന്നത്. കാലിക്കറ്റ് ബാഗ്ലൂർ ഹൈവേയുടെ ഇരുവശങ്ങളിലായി കടക്കുന്ന വൈത്തിരി ഗ്രാമപഞ്ചായത്ത് സഞ്ചാരികളുടെ പറുദ്ദീസയാണ്. മൈസൂർ ബാാംഗ്ലൂർ ഹൈവേ നിലവിൽ വന്നതോടെ ബാംഗ്ലൂരിൽ നിന്നും 4 മണിക്കൂർ കൊണ്ട് വയനാട്ടിൽ എത്തിപെടാൻ കഴിയുന്നതിനാൽ ബാാംഗ്ലൂർ ഐടി നഗരത്തിൽ നിന്നും മറ്റും വൈത്തിരിയിലേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഇവിടെത്തെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള കാര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. കെട്ടിട നികുതി ഇനത്തിൽ പഞ്ചായത്തിന് വൻ വരുമാനം ലഭിക്കുുന്നു. എന്നാൽ റോഡ്, വെള്ളം തുടങ്ങി കാര്യങ്ങളിൽ പഞ്ചായത്തിന് ശ്രദ്ധയില്ല .കുഴൽ കിണർ നിർമിക്കാൻ അനുമതി നൽകണം. സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കൊണ്ട് കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കണം. പഞ്ചായത്തിലെ എല്ലാ ഭാഗത്തുമായി ഫൈവ് സ്റ്റാർ റിസോർട്ടുകൾ അടക്കമുള്ള നൂറുകണക്കിന് റിസോർട്ടുകളും വില്ലകളും അപ്പാർട്ട്മെൻ്റുകളും ഹോംസ്റ്റെകളും സ്ഥിതി ചെയ്യുന്നുണ്ട്. നിലവിൽ നാലോളം അഡ്വഞ്ചർ പാർക്കുകൾ പ്രവർത്തിച്ച് വരുന്നതോടൊപ്പം ഗ്ലാസ് ബ്രിഡ്ജും, നൈറ്റ് പാർക്കും അടക്കം മൂന്ന് പാർക്കുകൾ കൂടി നിർമ്മാണത്തിലാണ്. വൈത്തിരി പഞ്ചായത്ത് ബോട്ട് സവാരി കൂടി തുടങ്ങാൻ പോകുകയാണ്.
അടിസ്ഥാന സൗകര്യങ്ങളിൽ അധിപ്രധാനം പഞ്ചായത്തിലെ താരതമ്യേന ദൈർഘ്യം കുറഞ്ഞ റോഡുകൾ എല്ലാം തന്നെ വീതി കൂട്ടി റബറൈസ്ഡ് ആക്കി മാറ്റണം. അതോടൊപ്പം മനോഹരമായ തെരുവ് വിളക്കുകൾ സ്ഥാപിക്കണം.മാലിന്യ നിർമാർജനം കുറ്റമറ്റതാക്കണം. റോഡുകൾക്ക് ഓടകൾ നിർമ്മിച്ചു കൊണ്ടും ഇരു വശങ്ങളിൽ ചെടികളും മറ്റും നട്ടുവളർത്തി കൊണ്ടും മനോഹരമാക്കി തീർക്കണം. വിശ്രമകേന്ദ്രങ്ങളും ശുചി മുറികളും വിപണന കേന്ദ്രങ്ങളും തുടങ്ങണം. വൈത്തിരിയാലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണം. ജനങ്ങളുമായി സഹകരിച്ച് കെട്ടിടങ്ങളുടെയും വീടുകളുടെയും കളർ ഏകീകരിച്ച് മനോഹരമാക്കണം. ലക്കിടി മുതൽ ചുണ്ടേൽ വരെ പത്ത് കിലോമീറ്റർ മാത്രം വരുന്ന നാഷണൽ ഹൈവേ സൈഡുകൾ ഇൻ്റർലോക്ക് പാകി കൊണ്ടും ഇരുവശങ്ങളും ലൈറ്റുകൾ സ്ഥാപിച്ചും ഉദ്യാനങ്ങളും വിശ്രമസ്ഥലങ്ങളും ഉണ്ടാക്കി കൊണ്ടും മനോഹരമാക്കി തീർക്കണം. ടൂറിസം ഇൻഫൊർമേഷനും കംഫർട്ടു സ്റ്റേഷനുകളും സ്ഥാപിക്കുകയും ചെയ്യണം. പുഴകളും തോടുകളും സംരക്ഷിച്ച് അതിമനോഹരമാക്കി മാറ്റണം. കേരളത്തിൻ്റെ തനത് കലാരൂപകൾ എന്നും അവതരിപ്പിക്കാനുള്ള വേദികൾ നിർമ്മിക്കപ്പെടണം.
വൈത്തിരിയെ ആഗ്രഹിച്ച് വരുന്ന സഞ്ചാരികൾക്ക് ഒരു നവ്യാനുഭവം നൽകാൻ കഴിയണം നമ്മുക്ക്. അതിനായി എല്ലാ രാഷ്ട്രീയ സമൂഹിക രംഗത്തുള്ളവരും പൊതുജനങ്ങളും മുന്നിട്ടിറങ്ങണമെന്നും വൈത്തിരി ഗ്രാമപഞ്ചായത്തിനെ ടൂറിസം ഗ്രാമ പഞ്ചായത്തായി ഉയർത്തി സാമ്പത്തിക ടൂറിസം പാക്കേജ് പ്രഖ്യാപിക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് വഫ സ്വാഗതവും വൈസ് പ്രസിഡന്റ് നിസാർ റിനൽഡ് കാസ്റ്റൽ അധ്യക്ഷനായ യോഗം, യോഗത്തിൽ ദേവദാസ് മുള്ളൻ പാറ , ഷാഫി വൈത്തിരി , തോമസ് തലപ്പുഴ, ജോസ് ആഗസ്റ്റിൻ, വർഗീസ് എ ഓ,എന്നിവർ സംസാരിച്ചു.