കണ്ണൂർ: സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ അടിയന്തിര ആവശ്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു കൂട്ടണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. ധനമന്ത്രി, ചീഫ് സെക്രട്ടറി, പബ്ലിക് റിലേഷൻസ് സെക്രട്ടറി, പി.ആർ.ഡി.ഡയറക്ടർ, പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ, സീനിയർ ജേർണലിസ്റ്റ്സ് ഫോറം ഭാരവാഹികൾ എന്നിവരെ ഈ യോഗത്തിൽ വിളിക്കണം
മെഡിസിപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മാസവും പത്രപ്രവർത്തക പെൻഷൻ മാസമാദ്യം വിതരണം ചെയ്യുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാകണം. ആശ്രിത പെൻഷൻ നിയമാവലി പ്രകാരം നിലവിലുള്ള പെൻഷന്റെ പകുതിയാക്കണം. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം. കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകളിൽ തീർപ്പുണ്ടാക്കണം. അവശ പെൻഷൻ വർധിപ്പിക്കണം , പകുതി പെൻഷൻ കിട്ടുന്നവർക്ക് ഫുൾപെൻഷനാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കെ സുധാകരൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് എ.മാധവൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എൻ സുകന്യ,സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. വിജയകുമാർ , വൈസ് പ്രസിഡന്റ് എം.ബാലഗോപാൽ,ട്രഷറർസി.അബ്ദുൾ റഹിമാൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.വിനോദ് ചന്ദ്രൻ , ജില്ലാ പ്രസിഡന്റ് വി. ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ്ങ് ചെയർമാൻ പി.ഗോപി, എ. ദാമോദരൻ എന്നിവർ സംസാരിച്ചു.