HealthKERALAlocal

കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വാക്‌സിന്‍ ബുധനാഴ്ച ആരംഭിക്കും; 1 മുതല്‍ 9 വരെ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറും

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. 15 മുതല്‍ 18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. ഇതില്‍ 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചതായും ശേഷിക്കുന്ന 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ അര്‍ഹതയുള്ള 500 കുട്ടികള്‍ക്ക് മുകളിലുള്ള സ്‌കൂളുകളാണ് വാക്‌സിന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളെയാണ് ഇതുപ്രകാരം വാക്‌സിന്‍ കേന്ദ്രമായി സജ്ജമാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രമല്ലാത്ത സ്ഥലങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി കുട്ടികള്‍ക്ക് വാക്‌സീന്‍ ഉറപ്പാക്കും.

രക്ഷിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെ മാത്രമേ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കൂ. അടിയന്തരസാഹചര്യങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വ്വീസും വാക്‌സിന്‍ കേന്ദ്രത്തില്‍ സജ്ജമാക്കും. ഭിന്നശേഷിക്കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടിയുകയാണെങ്കില്‍ ഡോക്ടര്‍മാരുടെ കുറിപ്പ് ഹാജരാക്കാം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ വിതരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. വാക്‌സിന്‍ എടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഓരോ ദിവസവും ശേഖരിക്കും. വാക്‌സിന്‍ നല്‍കുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേകം മുറികള്‍ സജ്ജീകരിക്കും. സ്‌കൂളുകളില്‍ പി.ടി.എ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. വാക്‌സീന്‍ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന സ്‌കൂളുകളില്‍ 18ന് വകുപ്പുതല യോഗം ചേരും.

ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന്‍ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും. ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ തയ്യാറാക്കുകയും അനുവദിച്ചിരിക്കുന്ന സമയം അറിയിപ്പായി നല്‍കുകയും ചെയ്യണം. വാക്‌സിനേഷന് അര്‍ഹമായ കുട്ടികള്‍ കോവിന്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്.

അതേസമയം എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസ്സുകള്‍ നേരത്തെ നിശ്ചയിച്ച പോലെ തുടരും. 1 മുതല്‍ 9 വരെയുള്ള കുട്ടികള്‍ക്ക് 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴി പുതുക്കി ടൈംടേബിള്‍ പ്രസിദ്ധീകരിക്കും. സ്‌കൂള്‍ മാര്‍ഗരേഖ സംബന്ധിച്ച് വിദ്യഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close