തൃശൂര്‍: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുസംസ്ഥാന സഹകരണസ്ഥാപനത്തിന്റെ വ്യാജ ശാഖ തൃശൂരില്‍ തുറന്ന് കോടികളുടെ തട്ടിപ്പെന്ന് പരാതി. എന്‍ എഫ് ടി സി ഇന്ത്യ എന്ന പേരില്‍ ടൂറിസം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള സഹകരണ സ്ഥാപനത്തിന്റെ ശാഖ തൃശൂരില്‍ തുറന്നാണ് വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം വാങ്ങിയത്. തൃശൂരിലെ സ്ഥാപനത്തിന് യഥാര്‍ഥ എന്‍ എഫ് ടി സിയുമായി ബന്ധമില്ലെന്നും ധനകാര്യ ഇടപാടിന് അനുമതിയില്ലെന്നും കാണിച്ച് എന്‍ എഫ് ടി സി ഇന്ത്യയുടെ ചെയര്മാന് വി വി പി നനായര്‍ തൃശൂര്‍ സിറ്റി പോലീസിന് പരാതി നല്കി.
മനോജ് കുമാര്‍ എന്‍ എഫ് ടി സി ഐയുടെ സൗത്ത് ഇന്ത്യ റീജിയണല്‍ ചെയര്മാന് ചമഞ്ഞ് കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നു.
എന്‍ എഫ് ടി സി ഐയുടെ പേരില്‍ കേരളത്തിലുടനീളം ബ്രാഞ്ചുകള്‍ തുറന്ന് മനോജ്കുമാര്‍ നടത്തിയ പണപ്പിരിവിന് എന്‍ എഫ് ടി സി ഐയുമായി യാതൊരു ബന്ധവുമില്ലെന്നാണ് വി വി പി നായര്‍ പരാതിയില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, എന്‍ എഫ് ടി സി ഐയുടെ ദേശീയ ചെയര്‍മാന്റെ ആശീര്‍വാദത്തോടെയാണ് മനോജ് കുമാര്‍ സൗത്ത് ഇന്ത്യ റീജിയണല്‍ ചെയര്‍മാനായതും കേരളത്തില്‍ സാമ്പത്തിക സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നുമുള്ള മറുവാദവും ഉയര്‍ന്നു വരുന്നു.
ഇത് സംബന്ധിച്ച് മനോജ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഫോട്ടോകളും വീഡിയോകളും വോയ്സ് ക്ലിപ്പുകളും വി വി പി നായരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്.
അനധികൃതമായി തട്ടിയെടുത്ത നിക്ഷേപത്തുക മനോജ് കുമാറും വി വി പി നായരും പങ്കുവെയ്ക്കാറാണെന്നും ഇവര്‍ക്കിടയില്‍ പണം പങ്കുവെക്കുന്നതില്‍ ഉടലെടുത്ത തര്‍ക്കമാണ് എന്‍ എഫ് ടി സി ഐയിലെ തട്ടിപ്പ് പുറത്തു വരാന്‍ കാരണമെന്നും സൂചനയുണ്ട്. ഇടനിലക്കാരിയും വി വി പി നായരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളതെന്നും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.