കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്തെ വനമേഖലകളില്‍ സജീവമായ മാവോയിസ്റ്റ് സംഘത്തിലേക്ക് 10 പുതുമുഖങ്ങള്‍ കൂടി എത്തിയതായി സൂചന. മലയാളിയായ സി.പി.മൊയ്തീന്, വിക്രംഗൗഡ, സുന്ദരി എന്നിവരുള്‍പ്പെടുന്ന സംഘത്തിലേക്കാണ്
കൂടുതല്‍ പേര്‍കൂടി എത്തിയതായി കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും സ്പഷല് ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി)യ്ക്കും വിവരം ലഭിച്ചത്. ഇതില്‍ മലയാളി യുവാവുമുണ്ടെന്നാണ് സൂചന.
മലയാളിയായ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇതിന് പുറമേ തമിഴ്നാട്ടില്‍ നിന്നും കാണാതായ യുവാവും ഈ സംഘത്തിലുള്പ്പെട്ടതായാണ് വിവരം. സംസ്ഥാനത്തിനകത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരുള്‍പ്പെടെ 32 അംഗ സംഘമാണ് ഇപ്പോള്‍ കേരള-കര്‍ണാടക-തമിഴ്നാട് വനാതിര്ത്തികളിലുള്ളതെന്നാണ് എസ്ഒജി ഉള്‍പ്പെടെയുള്ള സേനകള്‍ക്ക് ലഭിച്ച വിവരം. അതേസമയം പോലീസിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി.
വയനാട്, കണ്ണൂര്‍ അതിര്‍ത്തി കേന്ദ്രീകരിച്ചു പോലീസ് നടപടി ശക്തമാക്കിയിതിന് പിന്നാലെയാണ് ഇന്ന് കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി വനത്തില്‍ ആയാംകുടിയില്‍ മാവോയിസ്റ്റുകളും പോലീസും വീണ്ടും ഏറ്റുമുട്ടിയത്. ഇതില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.