Politics
മാവോയിസ്റ്റുകളെ വിറപ്പിക്കുന്ന ‘മലബാര്‍ സ്‌ക്വാഡ്’
ഠ ഗ്രാമ- നഗരങ്ങളില്‍ 'സിഐഡി' സംഘമായി എസ്ഒജി ഐബി
കെ.ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തെ മാവോയിസ്റ്റുകള്‍ക്ക് പേടി സ്വപ്‌നമായി സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി).
വന്യമൃഗങ്ങളേയും ഉഗ്രവിഷമുള്ള ഇഴജീവികളേയും വകവയ്ക്കാതെ ജീവന്‍ മറന്നുപോലും കാടിളക്കി മാവോയിസ്റ്റുകളെ പുറത്തുചാടിക്കുന്ന ഓപ്പറേഷന്‍ വിഭാഗമായും നഗര-ഗ്രാമങ്ങളിലൂടെ വേഷപ്രച്ഛന്നരായി സഞ്ചരിച്ച് മാവോയിസ്റ്റുകളുടെ നീക്കങ്ങള്‍ ചോര്‍ത്തുന്ന സിഐഡിമാരായും എസ്ഒജി സംഘം സദാസമയവും രംഗത്തുണ്ട്. വടക്കന്‍ കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് എസ്ഒജി സജീവമായുള്ളത്. ഇവിടുത്തെ വനമേഖലകളില്‍ ഓപ്പറേഷന്‍ സംഘവും കാടിന് പുറത്ത് എസ്ഒജിയുടെ രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുമാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ജില്ലകളിലും അഞ്ച് പേരാണ് രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നത്.
മാവോയിസ്റ്റ് ആശയങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ട് അവര്‍ക്ക് സഹായകമായി പ്രവര്‍ത്തിക്കുന്ന കുറിയര്‍ ഏജന്റുമാരേയും പണത്തിന് വേണ്ടി മാത്രം മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നരേയും അവര്‍ക്കിടയില്‍ നിന്നുകൊണ്ട് നിരീക്ഷിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വയനാട്ടിലെ പേരിയയില്‍ നിന്ന് മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പിടികൂടാന്‍ സാധിച്ചത് എസ്ഒജി ഐബി നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുന്ന സമയവും അംഗങ്ങളുടെ പൂര്‍ണവിവരവും സഹിതം എസ്ഒജി ഐബി സംഘം നേരത്തെ തന്നെ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷന്‍ വിഭാഗത്തിന് വിവരം നല്‍കിയത്. കണ്ണൂരില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചും ഇതേ സംഘമാണ്.
2013 ഡിസംബര്‍ 19 നാണ് സംസ്ഥാനത്ത് കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (കെഎടിഎസ്) രൂപീഷകരിച്ചത്. 2020 ഡിസംബര്‍ 11 ന് ഇതിന്റെ പേര് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നാക്കി മാറ്റുകയായിരുന്നു. കെഎടിഎസിനെ നേരത്തെ തന്നെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ ബറ്റാലിയന്‍) കീഴിലുള്ള തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ഫോഴ്‌സ് , ആന്റി നെക്‌സല്‍ ഫോഴ്‌സ് (എഎന്‍എഫ്) എന്നിങ്ങനെയായിരുന്നുള്ളത്. ഇതില്‍ തണ്ടര്‍ബോള്‍ട്ട് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കീഴിലുള്ള സായുധസേനാ വിഭാഗമാണ്. എഎന്‍എഫില്‍ നിന്നും തണ്ടര്‍ബോള്‍ട്ടില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിയാണ് എസ്ഒജി രൂപീകരിച്ചത്. ലോക്കല്‍ പോലീസില്‍ നിന്നും ഡപ്യൂട്ടേഷനില്‍ എത്തുന്നവരാണ് എഎന്‍എഫിലുള്ളത്. ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കുന്നുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനായി പാലക്കാട് -150, മലപ്പുറം-150, കോഴിക്കോട് റൂറല്‍-100, വയനാട്-150, കണ്ണൂര്‍-100 എന്നിങ്ങനെയാണ് എഎന്‍എഫിനായി ആഭ്യന്തര വകുപ്പ് അനുവദിച്ച അംഗബലം.
2013 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് മാവോവാദികളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലായിരുന്നു മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ഇതിനകം സംസ്ഥാനത്ത് എട്ട്മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു . നിലമ്പൂര്‍ സിപിഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം കുപ്പുദേവരാജ്, സൗത്ത്‌സോണ്‍ അംഗം അജിത, തമിഴ്‌നാട് തേനി പെരിയാകുളം സ്വദേശി വേല്‍മുരുകന്‍, മണിവാസകം, രമ, കാര്‍ത്തി, അരവിന്ദ്, കബനിദളം കമാന്‍ഡര്‍ സി.പി. ജലീല്‍, വേല്‍മുരുകന്‍ തുടങ്ങിയ പ്രധാന നേതാക്കളാണ ്‌കൊല്ലപ്പെട്ടത്.