KERALAlocaltop news

വൈദികന് മേൽ ഊരുവിലക്ക് : താമരശേരി ബിഷപിനെതിരെ ആഞ്ഞടിച്ച് സത്യജ്വാല മുൻ ചീഫ് എഡിറ്റർ

താമരശേരി : കാനോൻ നിയമം നടപ്പാക്കുക വഴി ഫാ . അജി പുതിയാപറമ്പലിനെതിരെ ഊരുവിലക്ക് കൽപ്പിച്ച താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെതിരെ ആഞ്ഞടിച്ച് കത്തോലിക്കാ പ്രസിദ്ധീകരണമായ “സത്യജ്വാല” യുടെ മുൻ ചീഫ് എഡിറ്റർ ജോർജ് മൂലേച്ചാലിലിന്റെ കുറിപ്പ്. സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായ കുറിപ്പ് താഴെ –

ഫാ. അജി പുതിയപറമ്പിലിനെതിരെയിതാ, ഇൻക്വിസിഷൻ നടപടികൾ!

ജോർജ് മൂലേച്ചാലിൽ

“സീറോ-മലബാർസഭയിൽ ചെകുത്താൻ കയറിയിരിക്കുന്നു” എന്ന കടുത്ത വിമർശനം ഉന്നയിച്ചത് ഏതെങ്കിലും സഭാവിമർശകനായിരുന്നില്ല; മറിച്ച്, ഇതേ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ വർക്കി വിതയത്തിലായിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് തീർത്തും അവഗണിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ, സീറോ-മലബാർസഭയിന്ന് ചെകുത്താന്മാരുടെ ഒരു കൂത്തരങ്ങായിരിക്കുന്നു! യേശുവിൻ്റെ പേരുംപറഞ്ഞ് എത്ര ഹീനമായ പ്രവൃത്തികൾപോലും ചെയ്യാൻ യാതൊരു കൂസലുമില്ലാത്ത മെത്രാൻമാരുടെ കൂത്തരങ്ങ്! മധ്യനൂറ്റാണ്ടുകളിൽ ലക്ഷക്കണക്കിന് മനുഷ്യരെ പച്ചയ്ക്കു കത്തിച്ചുകൊന്ന മാർപാപ്പന്മാരുടെയും ഗ്രാൻഡ് ഇൻക്വിസിറ്റർമാരുടെയും പ്രേതാത്മാക്കൾ ആവേശിച്ചിരിക്കുന്നു, നമ്മുടെ മെത്രാന്മാരിൽ. ഫാദർ അജി പുതിയാപറമ്പിലിനെതിരെ വെളിച്ചപ്പാടുതുള്ളി പ്രത്യക്ഷപ്പെട്ടിരിക്കുന്ന താമരശ്ശേരി ബിഷപ്പ് അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണംമാത്രം!

ഒരു സ്വതന്ത്രജനാധിപത്യരാഷ്ട്രമായ ഇന്ത്യയിൽ, എവിടെ പോകാനും വരാനും താമസിക്കാനും സ്വാതന്ത്ര്യമുള്ള ഇന്ത്യയിൽ, മനുഷ്യൻ്റെ മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഒരു ഭരണഘടനയും നിയമസംവിധാനവുമുള്ള ഈ ഇന്ത്യയിൽ റെമിജിയോസ് ഇഞ്ചനാനി എന്ന മെത്രാൻവേഷധാരി, ഈ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമെല്ലാം ഇവിടുത്തെ ഒരു പൗരനായ ഫാ. അജി പുതിയാപറമ്പിലിന് വിലക്കിയിരിക്കുന്നു! ഈ ബിഷപ്പ്, ഇന്ത്യൻ പ്രസിഡൻ്റിൻ്റെയും മുകളിലുള്ള എന്തോ ഒരു ‘ഹയറാർക്ക്’ ആണത്രെ! വിലക്കുകളിൽ ചിലത് കേട്ടാലും :

1. ഇനിമേൽ ഫാ. അജി പുതിയാപറമ്പിൽ വൈദികമന്ദിരത്തിനനു പുറത്ത് താമസിക്കാൻ പാടില്ല!

2. അനുവാദമില്ലാതെ ആരെയും സന്ദർശിക്കാൻ പാടില്ല!

3. സാമൂഹികമാധ്യമങ്ങളിൽ എഴുതാനോ, ടിവി ചാനലുകളിൽ അഭിപ്രായപ്രകടനം നടത്താനോ, അഭിമുഖങ്ങൾ നടത്താനോ, പൊതുവേദികളിൽ പ്രസംഗിക്കാനോ പാടില്ല!

വിശ്വാസികൾക്കിടയിൽ ഉതപ്പുണ്ടാകാനാനിടയുണ്ട് എന്നതിനാലാണുപോലും, ഈ വിലക്കുകളെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്!

ഉതപ്പിന്റെ നിരവധി മരത്തടികൾ സ്വന്തം കണ്ണിൽ കൊണ്ടുനടക്കുന്ന ബിഷപ്പ് ഇഞ്ചനാനിയാണ് ഫാ. സജിയുടെ കണ്ണിലുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്ന ഉതപ്പിൻ്റെ കരടെടുക്കാൻ സാഹസപ്പെടുന്നതെന്ന് ഇവിടെ ഓർക്കേണ്ടതുണ്ട്. ബിഷപ്പ് ഉണ്ടാക്കിയിട്ടുള്ള വലിയ ഉതപ്പുകളുടെ ഒരു ചെറിയ ലിസ്റ്റ് കൊടുക്കുന്നു:

1. കന്യാസ്ത്രീയെ അവിഹിതബന്ധത്തിലൂടെ ഗർഭിണിയാക്കിയ ഫാ. ജോമോൻ കണ്ടത്തിൻകരയെ പ്രമോഷൻ നൽകി യാതൊരു വിലക്കുകളുമില്ലാതെ വൈദികവൃത്തിയിൽ തുടരാൻ കുതന്ത്രങ്ങൾ മെനഞ്ഞ ബിഷപ്പാണ് ഇഞ്ചനാനി.

2. ഫാ. കണ്ടത്തിൻകരയുടെ ലൈംഗിക ഇരയായിത്തീർന്ന കന്യാസ്ത്രീയെ ഇരട്ടത്താപ്പുവിധി പ്രഖ്യാപിച്ചു മഠത്തിൽനിന്ന് പുറത്താക്കുകയും, അവരിൽ പിറന്ന കുഞ്ഞിനെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനാഥ എന്ന ലേബലിൽ മക്കളില്ലാത്ത ഹിന്ദു ദമ്പതികൾക്ക് ദത്തുനൽകി ധാർമ്മികമൂല്യങ്ങൾ കാറ്റിൽപ്പറത്തിയ ആത്മീയകാപട്യത്തിനുടമയുമാണ്, ബിഷപ്പ് ഇഞ്ചനാനി.

3. ക്വാറിമാഫിയാ പ്രവർത്തനങ്ങൾ നടത്തിയതിനും, അനധികൃത സ്ഫോടകവസ്തു കൈകാര്യ-വിനിയോഗപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും, നിയമവിരുദ്ധമായി സെമിത്തേരി നശിപ്പിച്ച് മൃതശരീരങ്ങളോട് അനാദരവും അക്രമവും ക്രൂരതയും കാട്ടിയതിനും, രാജ്യത്തെ വിവിധ കോടതികളിലുള്ള ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തിയുമാണ്, ഈ ബിഷപ്പ്.

4. ലിറ്റിൽ ഫ്ലവർ പള്ളി വക 14 ഏക്കറിൽപരം സ്ഥലം വിറ്റ് പണം കരസ്ഥമാക്കിയ വ്യക്തിയാണ്, ഈ ബിഷപ്പ്.

5. മാധവ് ഗാഡ്‌ഗിൽ -കസ്‌തൂരിരംഗൻ റിപ്പോർട്ടുകൾ തന്റെ അനധികൃത കരിങ്കൽ ക്വാറികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കി താമരശ്ശേരി രൂപതാഭവനിൽ തൻ്റെ ആജ്ഞാനുവർത്തികളായവരെ സംഘടിപ്പിച്ച് സമരസമിതി രൂപീകരിച്ച വ്യക്തിയും, പ്രസ്തുത സമരസമിതിയുടെ കൺവീനർസ്ഥാനം ഏറ്റെടുത്ത് സർക്കാരിനെതിരെ പ്രക്ഷോഭം അഴിച്ചുവിട്ട് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസും അവിടത്തെ രജിസ്റ്ററുകളും തൊണ്ടിമുതലുകളും തീയിട്ട് നശിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയും, പോലീസ് വാഹനവും കെ.എസ്.ആർ.ടി.സി ബസ്സും മറ്റും തല്ലിത്തകർക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയും, വഴിയാത്രക്കാരും നിരപരാധികളുമായ വ്യക്തികൾ പ്രസ്‌തുത കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ അടയ്ക്കപ്പെടുന്നതിന് ഇടയാക്കിയ വ്യക്തിയും, കോഴിക്കോട് കളക്ടറേറ്റ് പടിക്കൽ ആൾക്കാരെ സംഘടിപ്പിച്ച് സർക്കാരിനെതിരെ ജാലിയൻവാലാബാഗ് മോഡലിൽ ചോരപ്പുഴ ഒഴുക്കുമെന്ന് ഭീക്ഷണിപ്രസ്‌താവന നടത്തിയ വ്യക്തിയുമാണ്, ഈ ബിഷപ്പ്.

ക്രിസ്തീയജീവിതത്തിൻ്റെ ഉദാത്ത മാതൃകയായി ജീവിച്ച് ക്രൈസ്തവർക്ക് ആധ്യാത്മികപ്രചോദനം പകരേണ്ട,
അതിന് ഉത്തരവാദിത്വമുള്ള ഒരു മെത്രാനാണ് ഇത്തരം നീചപ്രവൃത്തികളിലൂടെ ക്രൈസ്തവർക്കു മുഴുവൻ
വലിയ തോതിൽ ഉതപ്പു നൽകുന്നതും പൊതുസമൂഹത്തിൽ ക്രൈസ്തവസഭയെ പരിഹാസപാത്രമാക്കുന്നതും എന്നോർക്കുക.

ഇങ്ങനെ, ഉതപ്പിന്റെ ഈ മൊത്തക്കച്ചവടക്കാരനായ താമരശ്ശേരി ബിഷപ്പാണ്, പ്രവാചകധീരതയോടെ സഭയെ നവീകരിച്ചു രക്ഷിക്കുന്നതിനായി പ്രവർത്തിക്കുകയും അതിനുവേണ്ടി അനേകരിലേക്ക് ആധ്യാത്മിക ഊർജ്ജം പകരുകയുംചെയ്തുകൊണ്ടിരിക്കുന്ന ഫാ. അജി പുതിയാപറമ്പിലിനെതിരെ ഉതപ്പ് ആരോപിച്ചു ശിക്ഷാനടപടികൾ സ്വീകരിച്ചിരിക്കുന്നത് എന്നതിലെ വൈരുദ്ധ്യം കാണുക.

വാസ്തവത്തിൽ, സീറോ-മലബാർ വിശ്വാസിസമൂഹം താമരശ്ശേരി ബിഷപ്പിനെ മേൽസൂചിപ്പിച്ച കുറ്റങ്ങളിൽ
വിചാരണചെയ്യുകയാണ് വേണ്ടത്. കൂടാതെ, ഫാ. അജിയുടെ പൗരാവകാശത്തെ നിഷേധിക്കുന്ന കല്പനയിറക്കിയ അദ്ദേഹത്തിനെതിരെ വിശ്വാസിസമൂഹത്തിൻ്റെതന്നെ നേതൃത്വത്തിൽ സിവിൽ കേസ് ഫയൽ ചെയ്യേണ്ടതും ആവശ്യമാണ്. മറ്റൊന്ന്, സഭാക്കോടതികളെന്ന നിയമവിരുദ്ധ സമാന്തരകോടതികൾ ഈ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള നിയമനീക്കത്തിനും ഇവിടുത്തെ ക്രൈസ്തവസമൂഹം തയ്യാറാകേണ്ടതുണ്ട് എന്നതാണ്.

ഫാ. അജി പൂർത്തിയാപറമ്പിലിന് വിജയാഭിവാദ്യങ്ങൾ അർപ്പിക്കട്ടെ!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close