കോഴിക്കോട് : ഏലത്തൂരിൽ16 കിലോ കഞ്ചാവുമായി ഒറീസ സ്വദേശികളായ സുനിൽ കാന്ത സാഹു (31), സഞ്ജയ് റാണ (35), ബിജിത്ര മിശ്ര (33), നിലമണി സാഹു (51) എന്നിവരെ എലത്തൂർ പോലീസും ടൗൺ അസിസ്റ്റൻറ്
കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം. സ്ക്വാഡും ചേർന്ന് പിടികൂടി.
വരാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളുടെ മറവിൽ വൻതോതിൽ ഉള്ള ലഹരി മരുന്നിന്റെ കച്ചവടം ലക്ഷ്യം വെച്ച് ലഹരി മാഫിയകൾ തയ്യാറെടുക്കുന്ന സമയത്താണ് വിപണിയിൽ പത്തുലക്ഷത്തിൽ പരം വിലമതിക്കുന്ന 16 kg കഞ്ചാവുമായി ഒറീസയിൽ നിന്നുള്ള നാല് അതിഥി തൊഴിലാളികൾ പോലീസിന്റെ പിടിയിലായത്. എരഞ്ഞിക്കൽ പുഴയോരത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗമാണ് ഇവർ കഞ്ചാവ് കോഴിക്കോട്ട് എത്തിച്ചത്. സമാനമായ മറ്റൊരു കേസിൽ 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പ്രതികളെ മാങ്കാവ് വെച്ച് കസബ പോലീസും പിടികൂടിയിട്ടുണ്ട്.
ഒരു കിലോഗ്രാം ഭാരം വരുന്ന 16 പാക്കറ്റുകൾ ആയാണ് ഇവർ കഞ്ചാവ് നാട്ടിലെത്തിച്ചത് ഇതിൽ ഓരോ കിലോഗ്രാമിന്റെ പൊതികളായി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. പല അതിഥി തൊഴിലാളികളും ചെയ്യുന്ന ജോലി ഒരു മറയാക്കി കൊണ്ടാണ് മയക്കുമരുന്ന് കച്ചവടം ചെയ്യുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ ഫലമായി നാട്ടിലുള്ള പല ചെറുകിട കച്ചവടക്കാരെയും കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഒറീസയിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുന്ന കഞ്ചാവ് ഏതാണ്ട് പത്തിരട്ടിയോളം കൂടുതൽ വിലക്കാണ് ഇവിടെ കച്ചവടം ചെയ്യുന്നത്.
ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി ബിജുരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ എസ് ഐ അരുൺ ആർ ,സന്ദീപ് .ഇ എം, എ എസ് ഐ മഹേഷ് കുമാർ ,സീനിയർ സി വിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു. എം, സുജിത്ത് .സി കെ, അൻ്റിനാർകോടിക് ഷാഡോ വിങ്ങിലെ അംഗങ്ങളായ ഷിനോജ്, സരുൺകുമാർ, ശ്രീശാന്ത് ,അഭിജിത്ത് , ഇബ്നു ഫൈസൽ, മിഥുൻ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്