KERALAtop news

വിചാരണ വൈകിപ്പിക്കാന്‍ അതിജീവിത ശ്രമിക്കുന്നു; ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി വിചാരണ കോടതിയെ അപകീര്‍ത്തിപ്പെടുത്താനല്ലെന്ന് ഹൈക്കോടതി. കോടതിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആ പെണ്‍കുട്ടിയുടെ വേദന മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. വിചാരണ വൈകിപ്പിക്കാനാണ് അതിജീവിതയുടെ ഹര്‍ജിയെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.

കോടതിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അന്വേഷണം അനിവാര്യമാണെന്ന് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി അതിജീവിത വാദിച്ചു. മെമ്മറി കാര്‍ഡ് പലതവണ എഫ്എസ്എല്‍ പരിശോധിച്ചെന്ന് സാക്ഷി സമ്മതിച്ചെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. അടച്ചിട്ട കോടതിയിലെ മൊഴികള്‍ ദിലീപിന്റെ അഭിഭാഷകന്‍ പരസ്യമാക്കിയതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ വിമര്‍ശിച്ചു. വാദം തെറ്റാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് എഫ്എസ്എല്‍ ഉപയോഗിച്ചിട്ടില്ലെന്നും പരിശോധിച്ചത് ക്ലോണ്‍ഡ് കോപ്പിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ കോടതി കസ്റ്റഡിയിലുള്ള പീഡനദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉപയോഗിച്ചതായി ഫോറന്‍സിക് പരിശോധനയിലാണ് കണ്ടെത്തിയത്. കോടതികളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് നിയമവിരുദ്ധമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close