താമരശേരി : നരഭോജി കടുവ വയനാട് ജില്ലയിൽ ഭീതി വിതച്ചിരിക്കെ, മറ്റൊരു കടുവയെ കണ്ടെത്തിയ താമരശ്ശേരി ചുരത്തിനു പരിസര പ്രദേശത്തെ പരിഭ്രാന്തരായ ജനങ്ങളെയും, കണലാട് ഫോറെസ്റ്റ് സെക്ഷൻ ഓഫീസിലും നേരിട്ട് വിവരങ്ങൾ അന്വേഷിക്കാൻ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറയുടെ നേതൃത്വത്തിൽ നേതാക്കളെത്തി.
നരഭോജി കടുവയുടെ ഭീഷണി തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുമുള്ള അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കണലാട് സെക്ഷൻ ഓഫീസിൽ ആവശ്യമായ ഫോഴ്സും വാഹന സൗകര്യവും, അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു..
മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങവരാൻ സാഹചര്യമൊരുക്കാതെ കാട്ടില്‍ തന്നെ സംരക്ഷിക്കപ്പെടുന്നു എന്ന് സർക്കാർ ഉറപ്പാക്കണം. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം.
വനമിറങ്ങി വന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ജനങ്ങൾക്ക് അനുവാദം നൽകുന്നതടക്കമുള്ള നടപടികളെപറ്റി സർക്കാർ ആലോചിക്കണം.
മലയോരമേഖലയിൽ പരിഭ്രാന്തരായ ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി എഫ് ഒ യുമായും കണലാട് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുമായും നിലവിലെ സാഹചര്യങ്ങൾ ചർച്ച നടത്തി. ജില്ലാ പ്രസിഡന്റിനോടൊപ്പം കോൺഗ്രസ് പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് രാജേഷ് ജോസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, ഗ്രാമപഞ്ചായത്ത് അംഗം ബീന തങ്കച്ചൻ,സന്തോഷ് മാളിയേക്കൽ, കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി കമറുദ്ദീൻ അടിവാരം, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനിയിൽ, പുതുപ്പാടി മണ്ഡലം പ്രസിഡന്റ് സണ്ണി പുലിക്കുന്നേൽ, ഷറഫുദീൻ, ഗഫൂർ ഒതയോത്ത്, പുരുഷൻ നെല്ലിമൂട്ടിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.