കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ രാത്രി ഒപ്പിടാനെത്തിയ ഓട്ടോ ഡ്രൈവറെ സ്റ്റേഷന് മുന്നിൽ തെരുവു നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട് നഗരസഭാ സെക്രട്ടറി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു.നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജ് മണക്കാട്ടൂർ സ്വദേശി ഒ. ശോഭീന്ദ്രനാണ് നായയുടെ കടിയേറ്റത്. രാത്രി മെഡിക്കൽ കോളേജ് പരിസരത്ത് ഓട്ടത്തിന് എത്തുന്നവർ സ്റ്റേഷനിൽ ഒപ്പിടണമെന്നാണ് പോലീസ് നിർദ്ദേശം. ഇത്തരത്തിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് കടിയേറ്റത്. സ്റ്റേഷന് മുന്നിലും പാർക്കിംഗ് സ്ഥലത്തും നായ്ക്കൾ വിശ്രമിക്കുന്നത് പതിവാണ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയായാണ് കേസെടുത്തത്.