കോഴിക്കോട്.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ അക്കാദമികമായും ഭൗതികമായും ഇന്ത്യയ്ക്ക് മാതൃകയാകുന്ന നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അതിനെപ്പറ്റി അറിയാനും പഠിക്കാനും തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി തിരു. അൻപിൽ മഹേഷ് പൊയ്യ മൊഴിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംഘം പ്രിസം പദ്ധതിയിലൂടെ ഉന്നത നിലവാരത്തിലേക്ക് ഉയർന്ന മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു.കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ, കോഴിക്കോട് DEO ഷാദിയാബാനു, RDD സന്തോഷ് കുമാർ , പ്രിസം ഫൗണ്ടർ എ പ്രദീപ് കുമാർ ,സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. എൻ. പ്രമോദ് ,പിടിഎ വൈസ് പ്രസിഡണ്ട് റജുല,
എസ് എം സി ചെയർമാൻ അഡ്വ. സി എം ജംഷീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് അവരെ സ്വീകരിച്ചു.പുതിയതായി ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്ന മൾട്ടിപർപ്പസ് കോംപ്ലക്സും ആധുനിക സജ്ജീകരണത്തോടെ തയ്യാറാക്കുന്ന 22 ക്ലാസ് മുറികളും ഇലൂസിയ ആഗ്മെൻറ് റിയാലിറ്റി വെർച്ചൽ റിയാലിറ്റി ലാബും മറ്റു ഭൗതിക സംവിധാനങ്ങളും മന്ത്രി സന്ദർശിച്ചു.പ്രിസം ഫൗണ്ടർ മുൻ എംഎൽഎ എ പ്രദീപ്കുമാർ അവർക്ക്പ്രിസം പദ്ധതിയെ പറ്റി വിശദീകരിച്ചു കൊടുത്തു. വിദ്യാർത്ഥി പ്രതിനിധികളുമായും അവർ ആശയവിനിമയം നടത്തി. കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മാറ്റം വിസ്മയകരമാണെന്നും, പ്രിസം പദ്ധതിയെന്ന കാഴ്ചപ്പാട് അനുകരണീയമാണെന്നും മന്ത്രി പറഞ്ഞു. ഓരോ വിദ്യാലയങ്ങൾക്കും മാസ്റ്റർ പ്ലാൻ, പരമ്പരാഗതരീതിയിൽ നിന്നും മാറിയ കെട്ടിട നിർമ്മാണ രീതി എന്നിവ ശ്രദ്ധേയമാണെന്നും, പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണവും വിദ്യാലയ നടത്തിപ്പിലെ സാമൂഹ്യ പിന്തുണയും
വിദ്യാലയങ്ങൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യവും മനസിലാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിന് ഉയർന്ന പരിഗണന നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രഭാതഭക്ഷണവും, ഉച്ച ഭക്ഷണവും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അക്കാദമികമേഖലയിലെ പ്രിസം കാഴ്ചപ്പാട് തമിഴ് നാട് മാതൃകയാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു