KERALAlocaltop news

വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കണം: വ്യാപാരികള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കോഴിക്കോട്: വഴിയോര കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ സൂര്യ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

നിയമാനുസൃതമായി കച്ചവടം നടത്തുന്ന സ്ഥാപനത്തിന്റെ പരിസരങ്ങളിലെ തെരുവു കച്ചവടത്തെ നിയന്ത്രിക്കണമെന്ന് വി.കെ.സി മമ്മദ് കോയ പറഞ്ഞു. സമിതി തെരുവു കച്ചവടക്കാര്‍ക്ക് എതിരല്ല. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി കച്ചവടം നടത്തുന്ന വ്യാപാരികളുടെ നിലനില്‍പ്പിനായുള്ള സംരക്ഷണം വേണം. വ്യവസ്ഥാപിതമായ നിലയില്‍ തെരുവുകച്ചവടം നടത്താനുള്ള ഇടങ്ങള്‍ കണ്ടെത്തി കച്ചവട കേന്ദ്രങ്ങളില്‍ നിന്നും തെരുവു കച്ചവടക്കാരെ ഇവിടങ്ങളിലേക്ക് മാറ്റണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കി കച്ചവടക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണം, അല്ലാത്തപക്ഷം വ്യാപാരി വ്യവസായി സമിതി ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്കിറങ്ങുമെന്നും വി.കെ.സി പറഞ്ഞു. സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് സെബാസ്റ്റിയന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.കെ.വിജയന്‍, സി.വി.ഇക്ബാല്‍, കെ.എം.റഫീഖ് ജില്ലാ ട്രഷറര്‍ ഗഫൂര്‍ രാജധാനി, എന്നിവര്‍ സംസാരിച്ചു.

എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച വ്യാപാരി മാര്‍ച്ചിന് സൂര്യ ഗഫൂര്‍, സി.ബാലന്‍, ടി.എം. ശശീന്ദ്രന്‍, വരുണ്‍ ഭാസ്‌കര്‍, ടി. എന്‍മോസ്, ടി, മധുസൂദനന്‍, കെ.സുധ, ടി.മരയ്ക്കാര്‍, കബീര്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ചിനു ശേഷം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം സമതി നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.

ഫോട്ടോ ………..
തെരുവു കച്ചവടക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close