കോഴിക്കോട് : പറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും , വി. അന്തോനീസിന്റേയും, വി. സെബസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാൾ ജനുവരി 12 മുതൽ 15 വരെ ആഘോഷിക്കും. ആരംഭദിനമായ വെളളിയാഴ്ച്ച വൈകിട്ട് 5.30 ന് ആഘോഷമായ തിരുനാൾ കുർബാനയും നൊവേനയും . ഫാ. ലിവിൻ ചിറത്തലക്കൽ കാർമ്മികനാകും . രാത്രി ഏഴിന് താമരശേരി രൂപതാ കമ്യൂണിക്കേഷൻ മീഡിയ അവതരിപ്പിക്കുന്ന നാടകം – “അകത്തളം “. രണ്ടാം ദിനമായ ശനിയാഴ്ച്ച രാവിലെ 9.30 ന് ഇടവകയിലെ വയോജനങ്ങളെ ആദരിക്കൽ . ഇതോടനുബന്ധിച്ച് വി.കുർബാന, കുമ്പസാരം , സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും. വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുന്നാൾ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോബിൻ തെക്കേക്കര മറ്റത്തിൽ കാർമ്മികനാകും. ഫാ . ടിൻസ് മറ്റപ്പള്ളിൽ സന്ദേശം നൽകും . തുടർന്ന് 6.30 ന് മലാപറമ്പ് ഭാഗത്തേക്ക് പ്രദക്ഷിണം. രാത്രി 8.30 ന് ദേവാലയ വളപ്പിൽ വാദ്യമേളങ്ങൾ. മൂന്നാം ദിനമായ ഞായറാഴ്ച്ച രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന, നോവേന, പ്രദക്ഷിണം. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കാർമ്മികത്വം വഹിക്കും. ഫാ. എബിൻ അമ്പലത്തിങ്കൽ തിരുനാൾ സന്ദേശം നൽകും . തിങ്കളാഴ്ച രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കുവേണ്ടി വികാരി . ഫാ ഷിബു കളരിക്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ തിരുനാളിന് കൊടിയിറങ്ങും. കൊടിയേറ്റം നടന്ന ജനുവരി നാല് മുതൽ 12 വരെ വൈകുന്നേരത്തെ വി. കുർബാനയ്ക്ക് ശേഷം വി. അന്തോനീസിന്റെ നൊവേന ഉണ്ടാകും. 12 മുതൽ 14 വരെ അടിമ വയ്ക്കുന്നതിനും , കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ട്.