കോഴിക്കോട് :
ജപ്പാനിലെ ക്യൂഷൂ ( Kyushu) റീജ്യണിലെ കീറ്റുക്യൂഷൂ ( Kitakyushu ) city –യിൽ വെച്ച് ജനുവരി 21 മുതൽ 27 വരെ നടക്കുന്ന ഉന്നതതല സെമിനാറിൽ പങ്കെടുക്കുന്നതിനായാണ് കോർപ്പറേഷൻ സെക്രട്ടറി.കെ.യു.ബിനി ജപ്പാനിലേക്ക് .
ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി (JICA) സംഘടിപ്പിക്കുന്ന സെമിനാറിൽ ബംഗ്ലാദേശ്, ക്യൂബ, ഫിജി, ഇന്ത്യ, മലേഷ്യ, മെക്സിക്കോ, മൊഗോളിയ, പാകിസ്ഥാൻ, ശ്രീലങ്ക, വിയറ്റ്നാം എന്നീ 10 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. പ്രമുഖ നഗരങ്ങളിലെ പ്രാദേശിക സർക്കാരുകളുടെ ഉന്നതാധികാരികളും രാജ്യങ്ങളിലെ പാരിസ്ഥിതിക ചുമതലയുള്ള മന്ത്രാലയങ്ങളിലെ ഉന്നതാധികാരികളുമാണ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുക്കുന്ന ഒരേയൊരു പ്രതിനിധിയാണ് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി .കെ.യു.ബിനി.
ശുചിത്വ നഗരങ്ങൾ യാഥാർത്ഥ്യമാക്കി സുസ്ഥിര സമൂഹ നിർമ്മാണം എന്നതാണ് സെമിനാർ കൈകാര്യം ചെയ്യുന്ന വിഷയം. ഈ വിഷയവുമായി ബന്ധപ്പെട്ട് മാലിന്യസംസ്ക്കരണം, മണ്ണ് -ജല-വായു മലിനീകരണ നിയന്ത്രണം എന്നീ മേഖലകളിൽ ജപ്പാന്റെ അനുഭവങ്ങളിൽ നിന്ന് പ്രായോഗികമായ, പ്രചോദനപരമായ അറിവുകൾ നേടാനുതകുന്ന സെഷനുകളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായുള്ള ചർച്ചകളും, ഫീൽഡ് വിസിറ്റുകളും ഉൾക്കൊള്ളുന്നതാണ് ഏഴ് ദിവസത്തെ ഉന്നതതല സെമിനാർ. സെമിനാറിൽ കോഴിക്കോട് നഗരത്തിലെ നിലവിലുള്ള മാലിന്യസംസ്ക്കരണ സംവിധാനങ്ങൾ, നഗരം നേരിടുന്ന വെല്ലുവിളികൾ, മാലിന്യസംസ്ക്കരണ രംഗത്തുള്ള പുതിയ സാദ്ധ്യതകളും അവസരങ്ങളും എന്നിവ സംബന്ധിച്ച് കോർപ്പറേഷൻ സെക്രട്ടറി അവതരണം നടത്തും.