കോഴിക്കോട്: വൃക്കരോഗികൾക്ക് വീടുകളിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്ലൂയിഡ് ബാഗുകൾ കിട്ടാനില്ലെന്ന പരാതിയെ കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദ്ദേശം നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 20 ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സർക്കാർ കുടിശിക നൽകാത്തതു കാരണമാണ് ഫ്ലൂയിഡ് ബാഗുകൾ നൽകാത്തതെന്നാണ് ആക്ഷേപം. സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിച്ചിരുന്ന ബാഗുകൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് വൻതുക മടക്കി വാങ്ങേണ്ടി വരുന്നു. കുന്ദമംഗലം സ്വദേശിനിയായ എട്ടു വയസുകാരി ഉൾപ്പെടെ നിരവധി രോഗികൾ ദുരിതം അനുഭവിക്കുകയാണ്. ഒരു ദിവസത്തെ ഡയാലിസിസിന് 1800 രുപ മുടക്കണം. പെരിറ്റോണിയൽ ഡയാലിസിസ് സർക്കാർ സഹായത്തോടെ ചെയ്യുന്ന 530 രോഗികൾ സംസ്ഥാനത്തുണ്ട്.