കോഴിക്കോട് : പാചകവാതക പൈപ്പിടാൻ വേണ്ടി കുഴിക്കുന്ന റോഡുകളിലെ പൊടിശല്യം കാരണം ജനജീവിതം ദൂസഹമായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (ഗെയിൽ) നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
കോഴിക്കോട് ഗെയിൽ മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പൊടിശല്യം കാരണം പ്രദേശവാസികൾക്ക് വീടുകളിൽ താമസിക്കാൻ കഴിയുന്നില്ല. കുട്ടികൾക്ക് പൊടിയുണ്ടാക്കുന്ന അലർജി കാരണം സ്കൂളിൽ പോകാൻ കഴിയുന്നില്ല. തേനാക്കുഴി – കുപ്പുറം റോഡിലൂടെ നടന്നു പോകുന്നത് പോലും അസാധ്യമാണ്. ബാലുശേരി മഠത്തിൽ താഴെ കെ. കെ. റോഡിൽ പൊടിശല്യത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭം തുടങ്ങി. റോഡ് കുഴിച്ചിട്ടിരിക്കുന്നതു കാരണം ഗതാഗതം തടസപ്പെടുന്നതായും പരാതിയുണ്ട്.