കോഴിക്കോട്: കോഴിക്കോട്ടുകാരുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമയാണ് മാവൂർ റോഡിലെ ബ്ലൂ ഡയമണ്ട് തിയേറ്റർ. ആറാം തമ്പുരാനും ഹിറ്റ് ലറുമെല്ലാം തകർത്തോടിയ തിയേറ്റർ കാലക്രമത്തിൽ അടച്ചുപൂട്ടപ്പെട്ടു. എന്നാൽ സിനിമാ പ്രേമികൾക്ക് സന്തോഷം പകർന്ന് മാളായി മാറിയ ബ്ലൂ ഡയമണ്ടിന്റെ സ്ക്രീനിൽ വീണ്ടും സിനിമകളുടെ പ്രദർശനം ആരംഭിച്ചു. മൂന്നാം നിലയിലാണ് മൾട്ടിപ്ലെക്സ് ശൃംഖലയായ മിറാജ് സിനിമാസ് പ്രവർത്തനം ആരംഭിച്ചത്. മൂന്നു സ്ക്രീനുകളാണ് ഇവിടെയുള്ളത്. യഥാക്രമം 131,166,192 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. പരമ്പരാഗത സീറ്റുകൾ മുതൽ ആഡംബര റിക്ലൈനർ വരെയുള്ള 489 സീറ്റിംഗ് കപ്പാസിറ്റിയാണ് മൂന്നു സ്ക്രീനുകളിലുമായി മിറാജ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രിപ്പിൾ ബീം 3 ഡി ടെക്നോളജി, ഡോൾബി 7.1 സൗണ്ട് സിസ്റ്റം, 2കെ പ്രൊജക്ഷൻ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഓരോ ഓഡിറ്റോറിയത്തിലും ലഭ്യമാണെന്ന് മിറാജ് എന്റർടൈൻമെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അമിത് ശർമ്മ പറഞ്ഞു.
ദി ബീനറി കഫേ, ഷെഫ് കോർണർ, പോപ്പ് കോർണർ, പ്ലഷ് റീക്ലീനറുകൾക്കൊപ്പം അവിസ്മരണീയമായ കാഴ്ചാനുഭവം മിറാസ് ഉറപ്പുവരുത്തും.