കോഴിക്കോട് : മദ്യപാനിയായ ഭർത്താവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും നിരന്തരം ഉപദ്രവിക്കുകയാണെന്ന പരാതിയിൽ അടിയന്തരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഫറോക്ക് പോലീസ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി.
പരാതിയിൽ നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകി. കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഫറോക്ക് കറുവന്തുരുത്തി സ്വദേശിക്കെതിരെയാണ് പരാതി.
35 വർഷങ്ങൾക്ക് മുമ്പ് ഒരപകടത്തിൽ അവരുടെ കാൽ നഷ്ടപ്പെട്ടിരുന്നു. ഭക്ഷണം കഴിക്കാൻ പോലും ഭാര്യയെയും അമ്മയെയും മക്കളെയും ഇയാൾ അനുവദിക്കാറില്ല. നിവൃത്തിയില്ലാതെ ഫറോക്ക് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പോലീസെത്തുമ്പോൾ ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കും. രാഷ്ട്രീയക്കാർ മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. വിഷയം അന്വേഷിച്ചെത്തുന്നവർക്ക് മുന്നിൽ കരഞ്ഞ് ഇയാൾ രക്ഷപ്പെടാറുണ്ടെന്നും പരാതിയിലുണ്ട്.