Politics
ദേവാലയ തൂപ്പുകാരും മാർപ്പാപ്പയും ക്രിസ്തു ദർശനത്തിൽ തുല്യരെന്ന് ഫാ. അജി പുതിയാപറമ്പിൽ
എറണാകുളം : ദേവാലയം ശുചിയാക്കുന്നവരും മാർപ്പാപ്പയും ക്രിസ്തു ദർശനത്തിൽ തുല്യരെന്ന സന്ദേശവുമായി ഫാ. അജി പുതിയാപറമ്പിലിൻ്റെ പെസഹാ ആശംസാ കുറിപ്പ്. ഫേസ്ബുക്കിൽ ചർച്ചയായ കുറിപ്പിൻ്റെ പൂർണരൂപം താഴെ –
*പെസഹാ വ്യാഴം പഠിപ്പിക്കുന്നതെന്ത്?*
പ്രധാനമായും മൂന്നു കാര്യങ്ങളാണ് പെസഹാ വ്യാഴം പഠിപ്പിക്കുന്നത്.
1. ക്രൈസ്തവരുടെ സാമുഹ്യ ജീവിതക്രമം എപ്രകാരമുള്ളതായിരിക്കണം.?
2. ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ അടിസ്ഥാന ജീവിത പ്രമാണം എന്ത്?
3. സ്നേഹത്തിൻ്റെ സ്മാരകം എങ്ങനെ നിർമ്മിക്കാം?
*കാലുകഴുകൽ*
എക്കാലവും തൻ്റെ ശിഷ്യരുടെ സാമുഹ്യ ജീവിതക്രമം എപ്രകാരമുള്ളതായിരിക്കണം എന്നതിൻ്റെ പ്രവൃത്തിപരിചയ ക്ലാസ്സാണ് യേശു ചെയ്ത പാദക്ഷാളനം . ഇനി മുതൽ നിങ്ങൾ എല്ലാവരും
സഹോദരങ്ങളാണെന്നും, *പത്രോസു മുതൽ പന്ത്രണ്ടാമൻ വരെയുള്ള എല്ലാവരും പരസ്പരം പാദങ്ങൾ കഴുകേണ്ടവരാണെന്നും പഠിപ്പിക്കുന്ന പുതിയ ജീവിത ശൈലിയുടെ ഉദ്ഘാടനമാണ് സെഹിയോൻ ശാലയിൽ നടന്നത്.* !!!
ഇവിടെ യേശു അടിമയുടെ തലത്തിലേയ്ക്ക് താഴുകയല്ല മറിച്ച് അടിമയുടെ ജോലിയെ ദൈവീക പ്രവൃത്തിയാക്കി ഉയർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനിമേൽ ജോലിയുടെ അടിസ്ഥാനത്തിൽ ആരും മനുഷ്യന് വിലയിടരുത്. *പള്ളിമുറ്റം വൃത്തിയാക്കുന്നവരും സാർവത്രിക സഭയെ നയിക്കുന്ന മാർപ്പാപ്പയും ക്രിസ്തു ദർശനത്തിൽ തുല്യരും പരസ്പരം പാദങ്ങൾ കഴുകേണ്ടവരുമാണ്.*
*പുതിയ പ്രമാണം*
“നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.”
(യോഹന്നാൻ 13 : 35.) സ്നേഹിക്കുക എന്നത് മാത്രമാണ് തന്നെ അനുഗമിക്കുന്നവർക്ക് യേശു നല്കിയ നിയമം. *മനുഷ്യനെ ഭാരപ്പെടുത്തുന്ന നൂറു കണക്കിന് ചട്ടങ്ങളെ സ്നേഹമെന്ന ഏക സംഹിതയിലേയ്ക്ക് യേശു ചുരുക്കി.*
ആചാരങ്ങളുടെ ബാഹുല്യമോ അനുഷ്ഠാനങ്ങളുടെ കാഠിന്യമോ അല്ല; സ്നേഹത്തിൻ്റെ ഊഷ്മളതയാണ് ആ ദൈവരാജ്യത്തിൻ്റെ അടിസ്ഥാന ദർശനം.
*വിശുദ്ധ കുർബാന സ്ഥാപനം*
*സ്നേഹത്തിൻ്റെ പരകോടിയിൽ യേശു സ്ഥാപിക്കുന്ന നിത്യ സ്മാരകമാണ് വിശുദ്ധ കുർബാന.* സ്വന്തം ശരീര രക്തങ്ങൾ പകുത്തു നല്കുന്ന സ്നേഹത്തിൻ്റെ പൂർണ്ണതയാണത്. സ്വയം മുറിയപ്പെട്ടും പങ്കുവെയ്ക്കപ്പെട്ടും ജീവിതം വിശുദ്ധ കുർബാനയാക്കുമ്പോഴാണ് സ്നേഹത്തിൻ്റെ സ്മാരകങ്ങൾ പണിയാൻ നമുക്കും സാധിക്കുന്നത്.
ഈ സുദിനം അതാണ്
നമ്മെ പഠിപ്പിക്കുന്നത്.
*എല്ലാവർക്കും പെസഹാ വ്യാഴത്തിൻ്റെ മംഗളങ്ങൾ*
ഫാ. അജി പുതിയാപറമ്പിൽ