കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ അരക്ഷിതത്വത്തിലാണെന്ന സഭാ മേലധ്യക്ഷന്മാരുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ അനുനയ നീക്കവുമായി ബിജെപി. കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലുമായി പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ച നടത്തി. കോഴിക്കോട് ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച.
മോദി സര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ യോജിപ്പും ചില കാര്യങ്ങളില്‍ വിയോജിപ്പുമുണ്ടെന്ന് രൂപതാ അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. എല്ലാവരേയും അംഗീകരിക്കാനാണെങ്കില്‍ പൗരത്വ നിയമം നല്ലതാണ്.
ന്യൂനപക്ഷം സുരക്ഷിതരല്ലെന്ന് തോന്നിയിട്ടില്ല. മോദി സര്‍ക്കാറിനെ കുറ്റം പറയുന്നില്ല. ചിലയിടത്ത് പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് പ്രധാനമന്ത്രി അറിയണമെന്നില്ലെന്നും വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതല്ലെന്നും ഈസ്റ്റര്‍ ആശംസ അറിയിക്കാന്‍ വന്നതാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ എല്ലായിടത്തും പോകുന്നുണ്ടെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയക്കാര്‍ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. ക്രൈസ്തവ ഭവനങ്ങളിലെ രാഷ്ട്രീയക്കാരുടെ വരവ് സഭയുടെ പിന്തുണ ഉറപ്പിക്കാന്‍ തന്നെയാണെന്നും വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു.