തിരുവമ്പാടി : കെ.സി ബി.സി അംഗീകരിച്ച വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ താമരശ്ശേരി രൂപതാ വാർഷിക സമ്മേളനവും നിയമാവലി പ്രകാശനവും തിരുവമ്പാടി ഫൊറോനാ ദേവാലയത്തിൽ വച്ച് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വിധവകൾ ദൈവത്തിൻറെ പ്രത്യേക ദൈവവിളി സ്വീകരിച്ചവരാണെന്നും ദൈവത്തിന് അവരെക്കുറിച്ച് പ്രത്യേക പ്ലാനും പദ്ധതികളും ഉണ്ടെന്നും അവർ സമൂഹത്തിന് വലിയ ജീവിത സാക്ഷ്യമാണ് നൽകുന്നതെന്നും, തനിയെ മക്കളെ വളർത്തി വലുതാക്കി അവരെ അവർക്ക് അനുയോജ്യമായ ജീവിതാന്തസിലേക്ക് പ്രവേശിപ്പിക്കുന്നതു വഴി വലിയ സുവിശേഷ പ്രഘോഷണമാണ് നടത്തുന്നത് എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. മീറ്റിങ്ങിന് മുന്നോടിയായി സിഎംസി പ്രൊവിൻഷ്യൽ റവ. സിസ്റ്റർ പവിത്ര റോസ് വിധവകളുടെ ജീവിതം വഴി ദൈവജനത്തിനും കുടുംബത്തിനും സഭയ്ക്കും നൽകാൻ കഴിയുന്ന ആധ്യാത്മികവും ഭൗതികമായ സേവനങ്ങളെ അധികരിച്ച് വിശദമായ ക്ലാസ് നൽകി. തുടർന്ന് നടന്ന യോഗത്തിൽ യൂദിത്ത് ഫോറം രൂപത ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷനായിരുന്നു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗ പറമ്പിൽ മരിയാപുരം എപ്പിസ്കോപ്പൽ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ സിഎംസി താമരശ്ശേരി പ്രൊവൈൻഷ്യൽ സിസ്റ്റർ പവിത്ര റോസ്. യൂദിത്ത് ഫോറം രൂപത ആനിമേറ്റർ സി . റെനി ജോസ് സിഎംസി , എസ് എച്ച് കോൺഗ്രിഗേഷൻ യൂദിത്ത് ഫോറം കോർഡിനേറ്റർ സിസ്റ്റർ വിമല എസ് എച്ച് , യൂദിത്ത് ഫോറം രൂപത പ്രസിഡൻറ് മേരി പൗലോസ് , ജോളി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മരിയാപുരം എപ്പിസ്കോപ്പൽ ദേവാലയത്തിലെ യൂദിത്ത് ഫോറം അംഗങ്ങൾ കേരള കത്തോലിക്ക നസ്രാണികളുടെ പാരമ്പര്യ കലയായ വില്ലടിച്ചാൻ പാട്ട് മനോഹരമായി അവതരിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് വിവിധ സന്യാസിനി സമൂഹത്തിലെ സിസ്റ്റർമാരുടെ നേതൃത്വത്തിൽ 250 ഓളം വിധവകളും ഏകസ്ഥരുമായവർ പ്രസ്തുത സംഗമത്തിൽ പങ്കെടുത്തു.