കോഴിക്കോട്.
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 260.11ചതുര കിലോമീറ്റർ ഭൂമി, സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പ് തയ്യാറാക്കിയ ഇഎസ്ഐ കരട് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളതിൽ, ജനവാസ മേഖലകളേയും കൃഷി ഭൂമികളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
അന്തിമ വിജ്ഞാപനത്തിനായി സമർപ്പിക്കപ്പെടുന്ന ഇ എസ് എ പ്രദേശങ്ങളിൽ ജനവാസ മേഖലകളും കൃഷിഭൂമികളും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുവാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
2018 സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്നതിനേക്കാൾ 13.62 ചതുരശ്ര കിലോമീറ്റർ ഭൂമി അധികമായി ഉൾപ്പെടുന്നതാണ് കാലാസ്ഥാവകുപ്പിന്റെ കരട് റിപ്പോർട്ട്.
2018 ൽ സമർപ്പിച്ച ലിസ്റ്റിൽ കോഴിക്കോട് ജില്ലയിലെ 9 വില്ലേജുകളിലെ 246.49 കിലോമീറ്റർ ഭൂമിയാണ് ഉൾപ്പെട്ടിരുന്നതെങ്കിൽ പുതിയ കരട് റിപ്പോർട്ടിൽ അത് 260.11 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചിട്ടുണ്ട്.
2018 ൽ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് സമർപ്പിച്ച പട്ടികയിൽ ജനവാസ മേഖലകളും കൃഷിഭൂമികളും ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലാതല സൂക്ഷ്മ പരിശോധന സമിതികൾ തയ്യാറാക്കി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് കരട് ലിസ്റ്റ് തയ്യാറാക്കി
ഉടൻ അഭിപ്രായം അറിയിക്കാൻ ഗ്രാമപഞ്ചായത്തുകളോട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാന വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിക്കുന്നതിന് ആവശ്യമായ രേഖകൾ പഞ്ചായത്തുകൾക്ക് ലഭിച്ചിട്ടില്ല. ആയത് രേഖകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.