ബാലുശ്ശേരി :
ബാലുശ്ശേരി എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും അഭിമുഖ അറിയിപ്പുമായി അയക്കുന്ന കത്തുകൾ പോസ്റ്റ്മാൻ വൈകി എത്തിച്ചതിനെ തുടർന്ന് രണ്ടു തവണ തൊഴിൽ നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. ഫെബ്രുവരി 14-ന് ഓഫീസിൽ നിന്നും അയച്ച അറിയിപ്പ് ഫെബ്രുവരി 18-നും ഏപ്രിൽ 6-ന് അയച്ച അറിയിപ്പ് ഏപ്രിൽ 11-നും പോസ്റ്റ് ഓഫിസിൽ ലഭിച്ചെങ്കിലും താത്കാലിക ഒഴിവിൽ ജോലി ചെയ്യുന്ന പോസ്റ്റ് മാൻ കത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് എത്തിച്ച് നൽകിയതെന്നും അതിനാൽ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പൂഴിത്തോട് സ്വദേശി റിച്ചാൾഡ് ജോൺ പരാതിയിൽ പറയുന്നു. ഫെബ്രുവരി 21-ന് നടത്തപ്പെട്ട കൃഷി വകുപ്പിലെ അഭിമുഖത്തെ സംബന്ധിക്കുന്ന കത്ത് ഫെബ്രുവരി 27-നും ഏപ്രിൽ 12-ന് നടത്തപ്പെട്ട മൃഗസംരക്ഷണ വകുപ്പിലെ അഭിമുഖത്തെ സംബന്ധിക്കുന്ന കത്ത് ഏപ്രിൽ 15-നുമാണ് ലഭിച്ചത്. സ്വന്തം പ്രയാസങ്ങൾ മൂലമല്ല അഭിമുഖത്തിൽ പങ്കെടുക്കാതിരുന്നതെന്ന് എംപ്ലോയ്മെന്റ് ഓഫീസിൽ അറിയിച്ചപ്പോൾ പോസ്റ്റൽ വകുപ്പിന്റെ പിഴവാണ് കാരണമെന്ന് തെളിയിക്കാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് വടകര അസിസ്റ്റന്റ് പോസ്റ്റൽ സുപ്രണ്ടിനും പൂഴിത്തോട് പോസ്റ്റ് ഓഫീസർക്കും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും കെ.സി.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് കൂടെയായ റിച്ചാൾഡ് ജോൺ പറഞ്ഞു. മനഃപൂർവ്വം തനിക്ക് തൊഴിൽ നിഷേധിക്കുകയാണെന്നും ഈ വിഷയത്തിൽ വകുപ്പ് അധികൃതർ കൃത്യമായ നടപടി സ്വീകരിക്കാനും നീതി നടപ്പിലാക്കാനും തയ്യാറാകണമെന്നും റിച്ചാൾഡ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമിഷന് പരാതി നൽകിയിട്ടുണ്ട്.സമാന വിഷയങ്ങൾ നാട്ടിൽ പതിവാണെന്നും രജിസ്റ്റേർഡ് കത്തുകൾ പോലും വീടുകൾ എത്തിക്കാറില്ലെന്നും പതിവായി കത്തുകൾ സമയത്ത് ലഭിക്കാറില്ലെന്നും നാട്ടുകാരിൽ ചിലർ അഭിപ്രായപ്പെട്ടു.