താമരശേരി:
*കുറ്റവിചാരണ കോടതി*
*ഒന്നാം ദിവസം*
പ്രിയപ്പെട്ടവരേ ഇന്നലെ 2024 ഏപ്രിൽ 20:
എന്നെ വിസ്തരിക്കാൻ വേണ്ടി രൂപീകരിച്ച കുറ്റവിചാരണ കോടതിയുടെ മുമ്പിൽ ഞാൻ ഹാജരായി. താമരശ്ശേരി അരമനയുടെ ഒന്നാം നിലയിലുള്ള വിശാലമായ കോൺഫറൻസ് ഹാളിലായിരുന്നു കോടതി സജ്ജീകരിച്ചിരുന്നത്. സമൻസിൽ പറഞ്ഞിരുന്നതുപോലെ ഉച്ചകഴിഞ്ഞ് കൃത്യം മൂന്ന് മണിക്ക് തന്നെ കോടതി ചേർന്നു.
യാത്രാസഹായികളായി എന്നോടൊപ്പം ഇതേ രൂപതയിലെ രണ്ട് ചെറുപ്പക്കാർ ഉണ്ടായിരുന്നു. അവർക്ക് പുറത്ത് വരാന്തയിൽ ഇരിക്കാൻ രണ്ട് കസേരകൾ നല്കണമെന്ന് ഞാൻ അപേക്ഷിച്ചു..
രണ്ട് ജഡ്ജിമാരും ഞാനും നോട്ടറിയും 4 കസേരകളിൽ ഇരുന്നു. അതിവിശാലമായ ഈ കോൺഫറൻസ് ഹാളിൻ്റെ ബാക്കി ഭാഗത്തുള്ള ശൂന്യതയും നിശ്ശബ്ദ്ധതയും എന്നെ ഒട്ടൊന്നുമല്ല ഭയപ്പെടുത്തിയത്…….. വിചാരണ സമയത്ത് പ്രപഞ്ചവുമായുള്ള എൻ്റെ ബന്ധമറ്റുപോകാതിരിക്കാൻ ഒരു ജനൽ പാളിയെങ്കിലും തുറക്കാമോ എന്ന എൻ്റെ അഭ്യർത്ഥനയെ നിഷ്ക്കരുണം കോടതി തള്ളി.
പിന്നീട് അപൂർണ്ണമായ കോടതിയുടെ സാംഗത്യം ഞാൻ ചൂണ്ടിക്കാണിച്ചു. ജഡ്ജിമാരിൽ ഒരാളായ ഫാ. ജയിംസ് കല്ലിങ്കൽ വി.സി ഹാജരുണ്ടായിരുന്നില്ല. അതിന് തൃപ്തികരമായ ഒരു മറുപടിയും എനിക്ക് ലഭിച്ചതുമില്ല.
ഞാൻ അവരോട് ചോദിച്ചു: *യഥാർത്ഥത്തിൽ ഈ കോടതി തന്നെ അസത്യത്തിൻ്റെ മേൽ പടുത്തുയർത്തിയതാണെന്ന് ഞാൻ സംശയിച്ചാൽ എന്നെ തെറ്റുപറയാൻ പറ്റുമോ?.*
*2023 സെപ്റ്റംബർ 2 മുതൽ 26 വരെ വിദേശത്തായിരുന്ന ബിഷപ്പ് എങ്ങനെയാണ് കോടതി സ്ഥാപിച്ചു കൊണ്ട് എനിക്ക് നല്കിയ ഉത്തരവിൽ സെപ്റ്റംബർ 20 ന് ഒപ്പിടുക?*
കാനൻ നിയമ പണ്ഡിതനായ ഒരു വൈദികനെ അഡ്വേക്കറ്റ് ആയി വയ്ക്കുന്നുണ്ടോ എന്നായിരുന്നു ആ ചോദ്യത്തിനുള്ള മറുപടി.
എൻ്റെ ഭാഗം പറയാൻ ഞാൻ തന്നെ മതിയെന്നും അതിനൊരു വക്കീൽ ആവശ്യമില്ലെന്നും ഞാൻ അറിയിച്ചു.
മൂന്നാമതായി ഞാൻ സൂചിപ്പിച്ചത് മുഖ്യന്യായാധിപനായ ഫാ. ബെന്നി മുണ്ടനാട്ടിന് ( ദീപിക എംഡി )എന്നോടുള്ള വ്യക്തി വിദ്വേഷത്തെക്കുറിച്ചായിരുന്നു. അതിനുള്ള തെളിവുകളും ഞാൻ ഹാജരാക്കി. ഇത് കോടതിയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. വാദമുഖങ്ങളൊന്നും ഇവിടെ നിരത്തേണ്ടെന്നും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി മാത്രം പറഞ്ഞാൽ മതിയെന്നും എന്നോടവർ പറഞ്ഞു. *എൻ്റെ ഭാഗം കേൾക്കേണ്ടതില്ലെങ്കിൽ, പിന്നെ എന്തിനാണ് എന്നെ വിളിച്ചു വരുത്തിയത് എന്ന് എനിക്ക് ചോദിക്കേണ്ടി വന്നു. !!!*
അതിനാൽ തന്നെ, പിന്നീടുള്ള അവരുടെ ചോദ്യങ്ങൾക്ക് നിശ്ശബ്‌ദ്ധതയായിരുന്നു എൻ്റെ മറുപടി.
എങ്കിലും എൻ്റെ മറുപടിയെന്നവണ്ണം അവിടെ ചിലത് രേഖപ്പടുത്താൻ തുനിഞ്ഞ, നോട്ടറിയായി ഇരിക്കേണ്ടി വന്ന വൈദികനെ ഞാൻ അതിൽ നിന്നും വിലക്കി.
എൻ്റേതല്ലാത്ത വാക്കുകൾ എഴുതാൻ നിർദ്ദേശിച്ചത് മുഖ്യജഡ്ജിയായിരുന്നു. !!!
എൻ്റെ ഭാഗത്തു നിന്നും
സാക്ഷികളുണ്ടെങ്കിൽ അവരുടെ പേരുകൾ നല്കാൻ ആവശ്യപ്പെട്ടു.
5 പേരെയാണ് എൻ്റെ ഭാഗത്തു നിന്നുള്ള സാക്ഷികളായി ഞാൻ എഴുതി നല്കിയത്.
ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ, മോൺസിഞ്ഞോർ ജോയ്സ് വയലിൽ (വികാരി ജനറൽ), ഫാ. ജോൺ ഒറവുംകര (മുൻ വികാരി ജനറൽ), ഫാ. ചെറിയാൻ പൊങ്ങൻപാറ (മുൻ ചാൻസിലർ) എന്നിവർക്ക് പുറമേ മറ്റൊരു സുഹൃത്തും .
ഞാൻ വാച്ചിൽ നോക്കി..
‘ഇപ്പോൾ സമയം മുന്നു മണി കഴിഞ്ഞ് മുപ്പത് മിനിറ്റ് ‘.
കോടതി പിരിഞ്ഞു!!!
ഞാൻ പുറത്തിറങ്ങി…. എൻ്റെ കൂടെ വന്ന ആ രണ്ട് ചെറുപ്പക്കാർ അവിടെ ഉണ്ടായിരുന്നു. ഊരിയിട്ട പാദരക്ഷകൾക്കരികിൽ വെറും നിലത്ത്, മാർബിൾ തറയിലാണ് അവർ ഇരുന്നത്.
സങ്കടകരമാണ്!!!
എന്നോടൊപ്പം വന്ന ആ ചെറുപ്പക്കാരോട് ഞാൻ എന്തു പറയും???
മാർബിളിൽ അവിടിവിടെയായി പോക്കുവെയിൽ തട്ടി എന്തോ തിളങ്ങുന്നു. അതവരുടെ കൂടി വിയർപ്പു തുള്ളികൾ ആണല്ലോ !!!
ഞാൻ പ്രാർത്ഥിക്കുന്നു….
“അതവരുടെ കണ്ണീർ തുള്ളികൾ ആവല്ലേ ” !!!
ഫാ. അജി പുതിയാപറമ്പിൽ